Football in Malayalam

ചാമ്പ്യൻസ് ലീഗ്, യൂറോപ്യൻ കപ്പ് കിരീടങ്ങൾ ഏറ്റവുമധികം തവണ സ്വന്തമാക്കിയ ലീഗുകൾ

Sreejith N
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / Visionhaus/Getty Images
facebooktwitterreddit

ഇംഗ്ലീഷ് ക്ലബുകൾ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസിയാണ് ഇത്തവണത്തെ കിരീടം ഉയർത്തിയത്. ചെൽസിയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ കിരീടം അവർ ഉയർത്തിയപ്പോൾ പ്രഥമ കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീഗ്, യൂറോപ്യൻ കപ്പിന്റെ ചരിത്രത്തിൽ ഇംഗ്ലണ്ടിൽ നിന്നുള്ള ക്ലബുകൾ നേടുന്ന പതിനാലാമത്തെ കിരീടം കൂടിയായിരുന്നു ചെൽസിയുടേത്.

അതേസമയം കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുള്ള ക്ലബുകൾ നേടുന്നതെങ്കിലും യുസിഎൽ, യൂറോപ്യൻ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളെന്ന ലാ ലിഗ ക്ലബുകളുടെ നേട്ടത്തെ മറികടക്കാൻ പ്രീമിയർ ലീഗിനായില്ല. റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ ക്ലബുകളിലൂടെ മാത്രം പതിനെട്ടു യുസിഎൽ, യൂറോപ്യൻ കപ്പ് കിരീടങ്ങളാണ് സ്പെയിനിലേക്ക് എത്തിയിരിക്കുന്നത്.

റയൽ മാഡ്രിഡ് പതിമൂന്നും ബാഴ്‌സലോണ അഞ്ചും തവണ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കിരീടം നേടിയപ്പോൾ പ്രീമിയർ ലീഗിലെ അഞ്ചു ക്ലബുകൾ ചേർന്നാണ് പതിനാലു യൂറോപ്യൻ കിരീടങ്ങൾ നേടിയിരിക്കുന്നത്. ലിവർപൂൾ ആറു തവണ കിരീടമുയർത്തിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നു തവണയും ചെൽസി, നോട്ടിങ്ഹാം ഫോറെസ്റ്റ് എന്നീ ക്ലബുകൾ രണ്ടു തവണ വീതവും ആസ്റ്റൺ വില്ല ഒരിക്കലും യൂറോപ്പിൽ ജേതാക്കളായി.

യുസിഎൽ, യൂറോപ്യൻ കപ്പ് നേട്ടങ്ങളുടെ എണ്ണത്തിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ള ലീഗുകൾ സീരി എയും ബുണ്ടസ്‌ലിഗയുമാണ്. സീരി എ പന്ത്രണ്ടു കിരീടങ്ങൾ നേടിയതിൽ ഏഴും എസി മിലൻറെ ക്യാബിനറ്റിലാണുള്ളത്. ഇന്റർ മൂന്നു തവണയും യുവന്റസ് രണ്ടു തവണയും കിരീടം സ്വന്തമാക്കി. ബുണ്ടസ്‌ലീഗ ക്ലബുകൾ എട്ടു തവണ ജേതാക്കളായപ്പോൾ അതിൽ ആറു തവണയും ബയേണാണ് കിരീടമുയർത്തിയത്. ഹാംബർഗർ എസ്‌വി, ബൊറൂസിയ ഡോർട്മുണ്ട് എന്നീ ക്ലബുകൾ ഓരോ തവണ വീതവും ജേതാക്കളായി.

യുസിഎൽ/യൂറോപ്യൻ കപ്പ് കിരീടം ഏറ്റവുമധികം തവണ നേടിയ ലീഗുകൾ:

ലാ ലിഗ - 18

പ്രീമിയർ ലീഗ്‌ - 14

സീരി എ - 12

ബുണ്ടസ്‌ലിഗ - 8

ഡച്ച് ലീഗ് - 6

പോർച്ചുഗീസ് ലീഗ് - 4

ഫ്രഞ്ച് ലീഗ് - 1

സ്‌കോട്ടിഷ് ലീഗ് - 1

റൊമാനിയൻ ലീഗ് - 1

യുഗോസ്ലാവിയ ലീഗ് -1

facebooktwitterreddit