Football in Malayalam

കരിയർ തന്നെ അവസാനിക്കാൻ സാധ്യത, ശാസ്ത്രക്രിയക്കൊരുങ്ങുന്ന ഹസാർഡിനു ഡോക്‌ടറുടെ മുന്നറിയിപ്പ്

Sreejith N
Real Madrid v Levante UD - La Liga Santander
Real Madrid v Levante UD - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ചെൽസി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തീരുമാനം വഴി ഈഡൻ ഹസാർഡിനു കരിയറിൽ നേരിട്ട തിരിച്ചടി വളരെ വലുതാണ്. നിരന്തരം പരിക്കേൽക്കുകയും ഫോം കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയും ചെയ്യുന്ന താരത്തിന് റയലിൽ കളിക്കാൻ കഴിഞ്ഞതിനേക്കാൾ മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായിട്ടുണ്ട്. ചെൽസിയിൽ മികച്ച ഫോമിൽ കളിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന തലത്തിൽ നിൽക്കുമ്പോഴാണ് ഇങ്ങിനെയൊരു ദുരവസ്ഥയിലേക്ക് ഹസാർഡ് വീഴുന്നത്.

അറ്റലാന്റാക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് വീണ്ടും പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആംഗിളിനേറ്റ പരിക്കിന് മൂന്നാം തവണയും ഹസാർഡ് ശസ്ത്രക്രിയക്ക് വിധേയമാകുന്നത് ബെൽജിയൻ താരത്തിന്റെ കരിയർ തന്നെ അവസാനിപ്പിക്കുമെന്നാണ് മുൻപ് അത്ലറ്റികോ മാഡ്രിഡിന്റെ ടീം ഡോക്ടറായിരുന്നു ജോസ് ഗോൺസാലസ് പറയുന്നത്.

"പത്തിലധികം ട്രെയിനിങ് സെഷനുകൾ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിനു മുന്നോടിയായി ഹസാർഡ് പൂർത്തിയാക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ തന്റെ ഏറ്റവും മികച്ച ഫോമിൽ ഹസാർഡിന് ഈ സീസണിൽ റയലിനു വേണ്ടി കളിക്കുക ബുദ്ധിമുട്ടായിരിക്കും. ഒരു കളിക്കാരൻ ദീർഘകാലം പരിക്കേറ്റ് തിരിച്ചെത്തിയതിനു ശേഷം മതിയായ പരിശീലനമില്ലാതെ കളിക്കാനിറങ്ങിയാൽ അയാൾക്ക് വീണ്ടും പരിക്കേൽക്കുന്നത് സ്വാഭാവികമാണ്."

"എന്നാൽ വളരെ ഉത്കണ്ഠാകുലനാണെന്നതു കൊണ്ട് വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്താനും തന്റെ മൂല്യം തെളിയിക്കാനുമായിരിക്കും ഹസാർഡ് എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുക. എന്നാൽ അതല്ല താരം ചെയ്യേണ്ടത്. ആംഗിളിലുള്ള മൂന്നാമത്തെ ഓപ്പറേഷൻ വളരെ അപകടമാണ്. അത് താരം വീണ്ടും ഫുട്ബോൾ കളിക്കാതിരിക്കുന്ന സാഹചര്യത്തിലേക്ക് വരെയെത്തിച്ചേക്കാം." ഒൻഡാ സെറോയോട് ഗോൺസാലസ് പറഞ്ഞത് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്തു.

ഹസാർഡിന് ശസ്ത്രക്രിയ നടത്തുന്ന കാര്യത്തിലും വിപരീതാഭിപ്രായങ്ങൾ ഉണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാൽ താരത്തിന് യൂറോ കപ്പും നഷ്ടമാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ പത്ത് വർഷത്തോളമായി മികച്ച പ്രകടനം നടത്തിയിരുന്ന പ്രതിഭാധനനായ താരം പഴയ ഫോമിലേക്ക് തിരിച്ചെത്തട്ടെയെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

facebooktwitterreddit