Football in Malayalam

ബാഴ്സയിൽ ചേരുന്നതിന് അടുത്തെത്തിയിരുന്നു, കരാർ നടക്കാതിരുന്നത് ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്നങ്ങൾ മൂലമെന്ന് ലൗട്ടാരോ

Gokul Manthara
ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നതിന് അടുത്തെത്തയിരുന്നുവെന്ന് മാർട്ടിനസ്
ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നതിന് അടുത്തെത്തയിരുന്നുവെന്ന് മാർട്ടിനസ് / BSR Agency/Getty Images
facebooktwitterreddit

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താൻ ബാഴ്സലോണയിൽ ചേരുന്നതിന് അടുത്തെത്തിയിരുന്നുവെന്നും എന്നാൽ കറ്റാലൻ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധികൾ മൂലം ഇന്റർ മിലാനിൽ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും അർജന്റൈൻ സൂപ്പർ താരം ലൗട്ടാരോ മാർട്ടിനസ്. ബാഴ്സലോണയിൽ ചേരുന്നതിനോട് വളരെ അടുത്തെത്തിയിരുന്ന താൻ ഇതുമായി ബന്ധപ്പെട്ട് ലയണൽ മെസിയുമായി സംസാരിച്ചെന്നും കഴിഞ്ഞ ദിവസം ഇ എസ് പി എന്നിനോട് സംസാരിക്കവെ ലൗട്ടാരോ വെളിപ്പെടുത്തി.

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളായ ലൗട്ടാരോയെ ഇന്റർ മിലാനിൽ നിന്ന് സ്വന്തമാക്കാൻ ബാഴ്സലോണ രണ്ടും കൽപ്പിച്ച് രംഗത്തുണ്ടെന്നായിരുന്നു കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയ്ത ഈ‌ ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു.

ഇപ്പോളിതാ ഏകദേശം ഒരു വർഷത്തിന് ശേഷം ഇക്കാര്യത്തിൽ മനസ് തുറന്നിരിക്കുകയാണ് ലൗട്ടാരോ. കഴിഞ്ഞ വർഷം ബാഴ്സലോണ കനത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നതിനാൽ അങ്ങോട്ടേക്ക് പോകുന്നത് വളരെ അപകടരമായിരിക്കുമെന്ന് തനിക്ക് തോന്നിയതായാണ് ലൗട്ടാരോ പറയുന്നത്. ബാഴ്സലോണ നായകനും, ദേശീയ ടീമിൽ തന്റെ സഹതാരവുമായ മെസിയുടെ ഉപദേശം താൻ തേടിയിരുന്നുവെന്നും അർജന്റൈൻ യുവ താരം വെളിപ്പെടുത്തി‌.

"ഞാൻ ബാഴ്സലോണയിൽ ചേരുന്നതിന് അടുത്തെത്തിയിരുന്നു. മെസിയുമായി പോലും ഇക്കാര്യത്തിൽ സംസാരിച്ചു. എന്നാൽ ആ സമയം ബാഴ്സലോണക്ക് വലിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. അതിനാൽ ഞാൻ ഇന്ററിൽ തുടരാൻ തീരുമാനിച്ചു. അത് ശരിയായ തീരുമാനമാണെന്ന് തെളിഞ്ഞു, പ്രത്യേകിച്ചും, ഇന്റർ മിലാൻ സീരി എ കിരീടം സ്വന്തമാക്കിയപ്പോൾ," ലൗട്ടാരോ വ്യക്തമാക്കി.


facebooktwitterreddit