കളിക്കളത്തിലെ അച്ചടക്കമില്ലായ്മ പരിഹരിക്കാൻ മനഃശാസ്ത്രജ്ഞനെ കണ്ടിരുന്നുവെന്ന് ലൗടാരോ മാർട്ടിനസ്


കളിക്കളത്തിൽ കൂടുതൽ അച്ചടക്കത്തോടെ തുടരുന്നതിനായി മനഃശാസ്ത്രജ്ഞനെ കണ്ടിരുന്നുവെന്നു വെളിപ്പെടുത്തി അർജന്റീനിയൻ മുന്നേറ്റനിര താരം ലൗടാരോ മാർട്ടിനസ്. നേരത്തെ ബാഴ്സയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇറ്റലിയിൽ തന്നെ തുടർന്ന് വർഷങ്ങൾക്കു ശേഷമുള്ള ഇന്ററിന്റെ കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിച്ച താരം അടിക്കടി മഞ്ഞക്കാർഡ് ലഭിക്കുന്നതു പരിഹരിക്കാനാണ് മനഃശാസ്ത്രജ്ഞനെ കണ്ടത്. അതു തനിക്ക് ഗുണം ചെയ്തുവെന്നും മാർട്ടിനസ് വ്യക്തമാക്കി.
"കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണ് ഞാൻ നിൽക്കുന്നത്.ഈ വർഷം മുൻപൊന്നും അറിയാൻ കഴിയാത്ത ചിലത് എനിക്ക് അനുഭവപ്പെട്ടു. എന്റെ കരിയറിൽ ഞാൻ സംതൃപ്തനാണ്. ഇന്ററിൽ ഞാൻ ചെയ്യുന്നതെല്ലാം ദേശീയ ടീമിനെ സഹായിക്കാനും ചെയ്യുന്നു. ഞാൻ ശാരീരികമായി മെച്ചപ്പെട്ടിട്ടുണ്ട്. ഏറ്റവും മികച്ച രൂപത്തിലെത്താൻ ഞാൻ ശ്രദ്ധാപൂർവം പരിശീലിക്കുന്നു." അർജന്റീനയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മാർട്ടിനസ് പറഞ്ഞു.
"എന്റെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത് വളരെ സങ്കീര്ണമായിരുന്നു. അച്ഛനായത് മൈതാനത്തെ നിരവധി കാര്യങ്ങൾ പരിഹരിക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്. ഒരു മനഃശാസ്ത്രജ്ഞൻ പ്രതിഷേധിക്കുന്നതും മഞ്ഞക്കാർഡ് നേടുന്നതും കുറയ്ക്കുന്നതിനായി എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ കണക്കുകൾ നോക്കിയാൽ ഞാൻ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മനസിലാകും. ഒരു പുതിയ സീസണും 2022ലെ ലോകകപ്പും എനിക്കു മുന്നിലുണ്ട്." ലൗടാരോ മാർട്ടിനസ് പറഞ്ഞു.
കണക്കുകൾ പരിശോധിക്കുമ്പോൾ ലൗടാരോ മാർട്ടിനസ് കളിക്കളത്തിൽ കൂടുതൽ അച്ചടക്കം പുലർത്താൻ തുടങ്ങിയെന്നത് വ്യക്തമാണ്. 2019-20 സീസണിൽ പതിനൊന്നു മഞ്ഞക്കാർഡുകളും ഒരു ചുവപ്പുകാർഡും നേടിയ താരത്തിന് കഴിഞ്ഞ സീസണിൽ അഞ്ചു മഞ്ഞക്കാർഡുകൾ മാത്രമാണ് ലഭിച്ചത്. പതിനേഴു ഗോളുകളും പത്ത് അസിസ്റ്റുകളുമായി തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞ സീസണിൽ താരത്തിനു കഴിഞ്ഞു.