യുറുഗ്വായ്‌ക്കെതിരായ മത്സരത്തിനിടയിൽ ബെഞ്ചിലിരുന്നു കരഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ലൗടാരോ മാർട്ടിനസ്

Sreejith N
Argentina v Ecuador: Quarterfinal - Copa America Brazil 2021
Argentina v Ecuador: Quarterfinal - Copa America Brazil 2021 / MB Media/GettyImages
facebooktwitterreddit

യുറുഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ രണ്ടാം പകുതിയിൽ പിൻവലിക്കപ്പെട്ടതിനു ശേഷം ബെഞ്ചിലിരുന്നു പൊട്ടിക്കരഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി മുന്നേറ്റനിര താരമായ ലൗടാരോ മാർട്ടിനസ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മാർട്ടിനസ് അറുപത്തിയഞ്ചാം മിനുട്ടിൽ പിൻവലിക്കപ്പെട്ടതിനു ശേഷമാണ് വൈകാരികമായി കാണപ്പെട്ടത്.

"ഞാൻ സ്റ്റേഡിയത്തിലുള്ള എന്റെ കുടുംബത്തെക്കുറിച്ച് ഓർത്തു, അതുകൊണ്ടാണ് ഞാൻ വൈകാരികമായി പെരുമാറിയത്. ഒരുപാട് കാര്യങ്ങൾ മാറ്റിവെച്ചു കൊണ്ട് അവർ ചെയ്‌തത്‌ ത്യാഗമാണ്. എന്റെ കുടുംബം എല്ലായിപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു, അതിനവരോട് ഞാനെന്നും കടപ്പെട്ടിരിക്കും." മാർട്ടിനസ് പറഞ്ഞു. മത്സരത്തിൽ അർജന്റീന നേടിയ വിജയത്തെക്കുറിച്ചും താരം പ്രതികരിച്ചു.

"കോപ്പ അമേരിക്ക കിരീടം ഞങ്ങൾക്ക് കൂടുതൽ വളരാൻ കരുത്തു നൽകുകയും ഞങ്ങൾ ആരംഭിച്ച പാതയിൽ തന്നെ തുടരാൻ സഹായിക്കുകയും ചെയ്‌തു. ഞങ്ങൾ കളിക്കുന്ന ഓരോ മൈതാനത്തും അതു ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. യുറുഗ്വായ് ഒരു ഹൈ ക്ലാസ് ടീമാണെന്നതിൽ ഉപരിയായി ഞങ്ങൾ സമ്മർദ്ദമുണ്ടാക്കുകയും കളിക്കുകയും ഞങ്ങൾക്ക് വേണ്ട രീതിയിൽ മത്സരം പൂർത്തിയാക്കി മൂന്നു പോയിന്റ് നേടുകയും ചെയ്‌തു."

"ഞങ്ങൾ പല മത്സരങ്ങളിലും നിരവധി മിനുട്ടുകൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാൽ എതിരാളികൾക്ക് സമ്മർദ്ദത്തിലാക്കുന്ന കാര്യത്തിൽ ഇന്നു ഞങ്ങൾ പൂർണതയിൽ എത്തിയെന്നാണു വിശ്വസിക്കുന്നത്. ഇനി വരാനുള്ള കാര്യങ്ങളെ ശാന്തമായി നേരിടാൻ തയ്യാറെടുക്കണം. അർജന്റീന താരങ്ങൾ ഒരുമിച്ചുള്ള സമയം ആസ്വദിക്കാനും എല്ലാം നൽകാനും പരിശീലകൻ നൽകുന്ന ജോലി ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു." മാർട്ടിനസ് പറഞ്ഞു.

facebooktwitterreddit