Football in Malayalam

റൊമേരോക്ക് പിന്നാലെ ലൗടാരോ മാർട്ടിനസും ടോട്ടനത്തിലേക്ക്, അർജന്റീന താരത്തിന്റെ ട്രാൻസ്ഫർ ഫീസ് സ്‌പർസ് അംഗീകരിച്ചു

Sreejith N
Internazionale v Atalanta BC - Serie A
Internazionale v Atalanta BC - Serie A / BSR Agency/Getty Images
facebooktwitterreddit

ക്രിസ്റ്റ്യൻ റൊമേരോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു പിന്നാലെ മറ്റൊരു അർജന്റീന താരത്തെക്കൂടി സ്വന്തമാക്കാൻ ടോട്ടനം ഹോട്സ്‌പർ ഒരുങ്ങുന്നു. ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ താരമായ ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കുന്നതിനായി ഇന്റർ മിലാൻ ആവശ്യപ്പെട്ട തുക ടോട്ടനം ഹോസ്‌പർ അംഗീകരിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി നോട്ടമിടുന്ന ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്‌നിനൊപ്പം അടുത്ത സീസണിൽ കളിപ്പിക്കുന്നതിനു വേണ്ടിയാണ് മാർട്ടിനസിനെ സ്‌പർസ് സ്വന്തമാക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അറുപതു മില്യൺ പൗണ്ടാണ് താരത്തിനായി ടോട്ടനം ചിലവഴിക്കാൻ ഒരുങ്ങുന്നത്.

നേരത്തെ ആഴ്‌സണലാണ് ലൗടാരോ മാർട്ടിനസിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നത് എങ്കിലും നിലവിലെ റിപ്പോർട്ടുകൾ പ്രകാരം തങ്ങളുടെ എതിരാളികളെ ടോട്ടനം ഹോസ്‌പർ മറികടന്നിരിക്കുന്നു. ഇതോടെ അടുത്ത സീസൺ ലക്ഷ്യമിട്ട് ടോട്ടനം നടത്തുന്ന രണ്ടാമത്തെ വമ്പൻ സൈനിങായിരിക്കും മാർട്ടിനസ്.

നേരത്തെ അർജന്റീന ഡിഫെൻഡറും കഴിഞ്ഞ സീസണിൽ സീരി എയിലെ മികച്ച പ്രതിരോധ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ക്രിസ്റ്റ്യൻ റൊമേരോയെ സ്‌പർസ് അമ്പതു മില്യൺ യൂറോയിലധികം നൽകി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് യോഗ്യത പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന സ്‌പർസ് ഈ സീസണിൽ നുനോക്ക് കീഴിൽ വമ്പൻ തിരിച്ചു വരവാണ് ലക്ഷ്യമിടുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അതേസമയം ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്‌ഫർ വാർത്ത ഇന്റർ ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. കഴിഞ്ഞ സീസണിൽ സീരി എ നേടിയ ടീമിൽ നിന്നും ലുക്കാക്കു ചെൽസിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾക്കിടെയാണ് ഇപ്പോൾ ലൗടാരോ മാർട്ടിനസും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit