തോൽവിയറിയാതെ 25 മത്സരങ്ങൾ പൂർത്തിയാക്കി അർജന്റീന, പെറുവിനെതിരെ നേടിയ വിജയത്തിൽ പ്രതികരിച്ച് ലൗടാരോ മാർട്ടിനസ്

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-ARG-PER
FBL-WC-2022-SAMERICA-QUALIFIERS-ARG-PER / JUAN MABROMATA/GettyImages
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ അർജന്റീന നേടിയ വിജയത്തോടു പ്രതികരിച്ച് ടീമിന്റെ മുന്നേറ്റനിര താരമായ ലൗടാരോ മാർട്ടിനസ്. മത്സരത്തിന്റെ നാൽപത്തിമൂന്നാം മിനുട്ടിൽ മാർട്ടിനസ് നേടിയ ഒരേയൊരു ഗോളിലാണ് അർജന്റീന വിജയം നേടിയത്. ഇതോടെ തോൽവിയറിയാതെ ഇരുപത്തിയഞ്ചാമത്തെ മത്സരം പൂർത്തിയാക്കിയ അർജന്റീന ഖത്തർ ലോകകപ്പിന്റെ യോഗ്യതയിലേക്ക് ഒരു ചുവടു കൂടി അടുത്തിട്ടുണ്ട്.

"യുറുഗ്വായ്‌ക്കെതിരായ മത്സരം കുറച്ചുകൂടി ഒഴുക്കുള്ളതായിരുന്നു, അവിടെ കൂടുതൽ സ്‌പേസുകൾ ലഭിക്കുകയും ചെയ്‌തു. ഇവിടെ കൂടുതൽ സങ്കീർണമായാണ് ഞങ്ങൾക്ക് തോന്നിയതെങ്കിലും അതിനെല്ലാം പരിഹാരം കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും, ഇന്നു ഞങ്ങളത് കണ്ടെത്തുകയും ചെയ്‌തു."

"ഓരോ തവണയും ഞങ്ങൾ മൈതാനത്തേക്ക് ഇറങ്ങുമ്പോൾ കഴിവിന്റെ പരമാവധി നൽകാറുണ്ട്. ഈ ജേഴ്‌സി ബഹുമാനവും ഉത്തരവാദിത്വവും അർഹിക്കുന്നു. എല്ലാം ആവേശമുണ്ടാക്കുന്ന കാര്യമാണ്, എന്റെ ഫാമിലി ഞാൻ കളിക്കുന്നത് വളരെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു, ഇന്നവർ ഇവിടെ ഉണ്ടായിരുന്നു. ഈ വിജയം ആളുകൾ ആസ്വദിച്ചുവെന്നാണ് ഞാൻ കരുതുന്നത്." മാർട്ടിനസ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ യുറുഗ്വായ്‌ക്കെതിരെ വളരെ മികച്ച പ്രകടനം നടത്തിയ അർജന്റീനക്കു പക്ഷെ പെറുവിനെതിരെ അതാവർത്തിക്കാൻ കഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല. പെറു കൃത്യമായി അർജന്റീന താരങ്ങളെ പിടിച്ചു കെട്ടിയപ്പോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആതിഥേയർ പുറകോട്ടു പോയി. അറുപത്തിയഞ്ചാം മിനുട്ടിൽ പെരുവിനു അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും യോടുൻ എടുത്ത കിക്ക് പോസ്റ്റിലിടിച്ച് തെറിക്കുകയായിരുന്നു.

മത്സരത്തിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ലെങ്കിലും വിജയം സ്വന്തമാക്കിയത് അർജന്റീനക്ക് കൂടുതൽ ആത്മവിശ്വാസമാണ്. 2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങിയതിനു ശേഷം പിന്നീടൊരു മത്സരത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്ന നേട്ടവും കാത്തു സൂക്ഷിക്കാൻ മത്സരത്തിലെ വിജയത്തോടെ അർജന്റീനക്കായി.

facebooktwitterreddit