സൗത്ത് അമേരിക്കൻ ഫുട്ബോളിനെ കുറിച്ചുള്ള എംബാപ്പയുടെ പരാമർശത്തിനെതിരെ അർജന്റീന താരങ്ങൾ
By Sreejith N

യൂറോപ്യൻ ഫുട്ബോൾ, സൗത്ത് അമേരിക്കൻ ഫുട്ബോൾ എന്നിവയെ താരതമ്യം ചെയ്യുകയും ലാറ്റിനമേരിക്കൻ ടീമുകൾ ഉയർന്ന നിലവാരത്തിലുള്ള മത്സരങ്ങൾ ലോകകപ്പ് യോഗ്യതക്കു വേണ്ടി കളിക്കുന്നില്ലെന്ന അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്‌ത കിലിയൻ എംബാപ്പെയുടെ പരാമർശങ്ങൾ മര്യാദകേടാണെന്ന് അർജന്റീനിയൻ താരം ലൗടാരോ മാർട്ടിനസ്. ലൗടാരോക്കു പുറമെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും എംബാപ്പയെ വിമർശിച്ചു.
ടിഎൻടി സ്പോർട്ട് ബ്രസീലിനോട് സംസാരിക്കുമ്പോഴാണ് കിലിയൻ എംബാപ്പെ സൗത്ത് അമേരിക്കൻ രാജ്യങ്ങൾ ഉന്നത നിലവാരമുള്ള മത്സരങ്ങൾ കളിച്ചല്ല ലോകകപ്പ് യോഗ്യത നേടുന്നതെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. അതുകൊണ്ടു തന്നെ ലോകകപ്പിൽ യൂറോപ്യൻ രാജ്യങ്ങൾ വിജയിക്കാനാണ് സാധ്യത കൂടുതലെന്നും എംബാപ്പെ അഭിപ്രായപ്പെട്ടിരുന്നു.
"ഞങ്ങളിൽ ഭൂരിഭാഗം പേരും യൂറോപ്പിലേക്ക് വിളിക്കപ്പെട്ട താരങ്ങളാണ്. എല്ലാ പരിശീലനത്തിലും അവർക്കെതിരെയാണ് നിങ്ങൾ ഇറങ്ങുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് നല്ല അനുഭവമുണ്ട്, പരിശീലകൻ പറയുന്ന ആശയങ്ങൾ നല്ല രീതിയിൽ നടപ്പാക്കാനും ശ്രമിക്കാറുണ്ട്. അതിലും ഞങ്ങൾ കളിക്കളത്തിൽ ചെയ്യുന്നതിലും വളരെ സന്തോഷമുണ്ട്."
"എംബാപ്പെ പറഞ്ഞത് ഞാൻ കണ്ടിരുന്നു. പക്ഷെ അർജന്റീനക്കും ബ്രസീലിനും മികച്ച കഴിവും പ്രതിഭയുമുള്ള താരങ്ങളുണ്ട്. ഞങ്ങളെ പോലെത്തന്നെ ബ്രസീലിലെയും ഭൂരിഭാഗം താരങ്ങൾ യൂറോപ്പിലാണ് കളിക്കുന്നത്. എംബാപ്പയുടെ പരാമർശം മര്യാദയുള്ളതല്ല എന്നാണു ഞാൻ കരുതുന്നത്." ലൗടാരോ ടൈക് സ്പോർട്ടിനോട് പറഞ്ഞു.
"ബൊളീവിയയിലെ ലാ പാസ്, ഇക്വഡോറിലെ മുപ്പതു ഡിഗ്രി ചൂട്, കൊളംബിയയിൽ ശ്വാസം പോലും കിട്ടില്ല. യൂറോപ്പിലെ മികച്ച മൈതാനങ്ങളിൽ കളിക്കുന്നവർക്ക് സൗത്ത് അമേരിക്ക എന്താണെന്നു പോലും അറിയില്ല. ദേശീയ ടീമിനൊപ്പം ചേർന്ന് തിരിച്ചു പോരാൻ രണ്ടു ദിവസം വേണം, ബുദ്ധിമുട്ടുകൾ കാരണം നേരെ പരിശീലനം നടത്താൻ പോലും കഴിയില്ല."
"ഒരു ഇംഗ്ലണ്ട് താരം ട്രൈനിങ്ങിന് ഇറങ്ങിയാൽ അര മണിക്കൂർ കൊണ്ട് അവർ മൈതാനത്തു കിടക്കും. അവരോട് ബൊളീവിയ, ഇക്വഡോർ, കൊളംബിയ എന്നീ രാജ്യങ്ങളിലേക്ക് പോകാനും ഇത് എളുപ്പമാണോ എന്നു നോക്കാനും പറയൂ." അർജന്റീന താരം എമിലിയാനോ മാർട്ടിനസ് പറഞ്ഞു.
കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ജേതാക്കളും തമ്മിലുള്ള മത്സരം ജൂൺ ഒന്നിന് വെംബ്ലിയിൽ വെച്ച് നടക്കുന്നതിനു പരിശീലനം നടത്തുകയാണ് അർജന്റീന ടീം. അതിൽ വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞാൽ എംബാപ്പയുടെ വാക്കുകൾക്ക് മറുപടി കൂടിയായിരിക്കുമത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.