Football in Malayalam

പെഡ്രിക്കു വേണ്ടി ബാഴ്‌സലോണ എത്ര തുക നൽകേണ്ടി വരുമെന്നു വെളിപ്പെടുത്തി ലാസ് പാൽമാസ് പ്രസിഡന്റ്

Sreejith N
Sevilla FC v FC Barcelona - La Liga Santander
Sevilla FC v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ഈ സീസണിൽ ബാഴ്‌സലോണയിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയ യുവതാരമാണ് പെഡ്രി. ലാസ് പാൽമാസിൽ നിന്നും വളരെ ചെറിയ തുകയുടെ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിലെത്തിയ പതിനെട്ടുകാരനായ താരം നിലവിൽ ടീമിൽ സ്ഥിരസാന്നിധ്യമാണ്. അടുത്ത കുറെ വർഷങ്ങളിൽ ബാഴ്‌സലോണ മധ്യനിരയുടെ ഭാവി ഭദ്രമാക്കാൻ കഴിവുള്ള താരത്തിന് നിരവധി പൊസിഷനുകളിൽ കളിക്കാൻ കഴിയുമെന്നതും ടീമിന് മുതൽക്കൂട്ടാണ്.

എന്നാൽ പെഡ്രിക്കു വേണ്ടി ബാഴ്‌സലോണ നിലവിൽ മുടക്കിയ തുകയിൽ താരത്തിന്റെ ട്രാൻസ്‌ഫർ ഒതുങ്ങില്ലെന്നാണ് താരത്തിന്റെ മുൻ ക്ലബായ ലാസ് പാൽമാസിന്റെ പ്രസിഡന്റായ മിഗ്വൽ ഏഞ്ചൽ റാമിറസ് പറയുന്നത്. പെഡ്രിയുടെ കരാറിൽ വെച്ച ഉടമ്പടികൾ കൃത്യമായി പൂർത്തീകരിച്ചാൽ 23 മില്യൺ യൂറോ വരെ താരത്തിന് വേണ്ടി ബാഴ്‌സലോണ നൽകേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.

"പെഡ്രിയെ ബാഴ്‌സലോണക്ക് നൽകിയ ദിവസം മുതൽ ഇതുവരെ ഞങ്ങൾക്ക് 11 മില്യൺ യൂറോയാണ് ലഭിച്ചിട്ടുള്ളത്. എല്ലാ ഉടമ്പടികളും പൂർത്തിയാക്കുകയാണെങ്കിൽ അത് 22 മുതൽ 23 മില്യൺ യൂറോ വരെയാകും. ഭാവിയിൽ താരത്തെ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ പതിനഞ്ചു ശതമാനവും ഞങ്ങൾക്ക് ലഭിക്കും," സ്‌പാനിഷ്‌ മാധ്യമം കദേന സെറിനോട് മിഗ്വൽ ഏഞ്ചൽ റാമിറസ് പറഞ്ഞു.

"ബാഴ്‌സലോണയാണ് പെഡ്രിയിൽ വളരെയധികം താൽപര്യം കാണിച്ചിരുന്ന ക്ലബ്. സ്പെയിനിൽ തന്നെയുള്ള മറ്റൊരു ക്ലബ് കൂടുതൽ തുക വാഗ്ദാനം ചെയ്‌തിരുന്നുവെങ്കിലും ഞങ്ങൾ നൽകിയ വാക്കു പാലിച്ചു. വളരെയധികം യോജിക്കുന്ന ക്ലബ്ബിലേക്കു തന്നെ പെഡ്രി എത്തുകയും ലോകത്തിലെ ഏറ്റവും മികച്ച താരത്തിനോടൊപ്പം കളിക്കുകയും ചെയ്യുന്നു."

പതിനെട്ടാം വയസിൽ തന്നെ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞ പെഡ്രിക്ക് 23 മില്യൺ നൽകുകയെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് ലാഭകരമായ ട്രാൻസ്‌ഫർ തന്നെയാണ്. പ്രത്യേകിച്ചും റെക്കോർഡ് തുക മുടക്കിയെത്തിച്ച പല കളിക്കാരും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ പരാജയപ്പെടുന്ന സമയത്ത്.

facebooktwitterreddit