"ഞങ്ങൾക്കു പതിനൊന്നു കിരീടങ്ങളുള്ളത് പലരെയും അസ്വസ്ഥരാക്കുന്നു"- മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിഹസിച്ച് ലപോർട്ടെ


കഴിഞ്ഞ നാല് വർഷത്തിനിടയിൽ നിരവധി കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയോട് ഈ കാലത്തിനിടയിൽ ഒരു കിരീടം പോലും നേടിയിട്ടില്ലാത്ത പലർക്കും അസൂയയുണ്ടെന്ന് അയ്മെറിക്ക് ലപോർട്ടെ. പ്രീമിയർ ലീഗിൽ ലിവർപൂളുമായി ഒരു പോയിന്റ് മാത്രം മുന്നിൽ നിൽക്കുന്ന സിറ്റി തോൽക്കാൻ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആഗ്രഹമുണ്ടെന്നതിനു മറുപടി പറയുകയായിരുന്നു താരം.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പ്രീമിയർ ലീഗിൽ കൃത്യമായ ആധിപത്യം സിറ്റി പുലർത്തുമ്പോൾ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2013ലാണ് അവസാനത്തെ പ്രീമിയർ ലീഗ് കിരീടം നേടാൻ കഴിഞ്ഞിരുന്നത്. മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ആധിപത്യം പുലർത്തുന്നതിൽ യുണൈറ്റഡ് ആരാധകർക്ക് അമർഷമുണ്ടെന്നും അവർക്കു ഗ്വാർഡിയോളയുടെ ടീം തോൽക്കണമെന്ന ആഗ്രഹം ഉണ്ടെന്നതിനോടും ലപോർട്ടെയുടെ മറുപടി ഇങ്ങിനെയായിരുന്നു.
Aymeric Laporte: ‘Manchester City winning can annoy people, like our neighbours’.
— Guardian sport (@guardian_sport) March 31, 2022
Interview by @sidlowe https://t.co/KlmrcUXP7L #MCFC
"അത് നിങ്ങളെപ്പോഴും ശ്രദ്ധിക്കുന്ന കാര്യമാണ്. ഞങ്ങൾ എന്ത് വിജയിച്ചാലും അത് സ്വാഭാവികമാണെന്ന് അവർ കരുതുന്നില്ല. എനിക്ക് തെറ്റിയിട്ടില്ലെങ്കിൽ നാല് വർഷത്തിനിടയിൽ 11 കിരീടം ഞങ്ങൾ നേടിയത് പലരെയും അസ്വസ്ഥമാക്കുന്നു, ഒന്നും വിജയിക്കാതെ ഞങ്ങളുടെ അയൽക്കാരെ പോലുള്ളവരെ." ഡെയിലി മെയിലിനോട് സംസാരിക്കുമ്പോൾ ലപോർട്ടെ പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ മൂന്നു പ്രീമിയർ ലീഗ് ഉൾപ്പെടെ പത്തു കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി യഥാർത്ഥത്തിൽ നേടിയതെങ്കിലും അവർ പ്രീമിയർ ലീഗിൽ ആധിപത്യം പുലർത്തുന്നുണ്ടെന്ന കാര്യത്തിൽ മറ്റൊരഭിപ്രായം ആർക്കുമില്ല. ഈ സീസണിലും ടോപ് ഫോർ പോലും ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്ന് കരുത്താനാവാത്ത പ്രകടനമാണ് അവർ നടത്തുന്നത്.
"മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരുപാട് ആരാധകരുണ്ട്, അവരുടെ പിന്നിലും ഒരുപാട് പേരുണ്ട്. ഞങ്ങൾ ഇതേ നഗരത്തിൽ തന്നെ ഉള്ളവരാണ്. അവർ ഒരുപാട് പണം ചിലവാക്കിയെന്നതും പലരെയും അസ്വസ്ഥമാക്കിയേക്കും. എല്ലാവരും അവരവരുടെ താൽപര്യങ്ങളിൽ വിശ്വസിക്കുന്നു. എനിക്ക് സിറ്റിയിൽ വിശ്വാസമുണ്ട്, ഈ സീസണിൽ ഒരുപാട് കിരീടങ്ങൾ നേടാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു." ലപോർട്ട കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.