"എന്താണു ചെയ്യേണ്ടതെന്നു ഞങ്ങൾക്കറിയാം, ധൈര്യമായിരിക്കൂ"- ആരാധകർക്ക് ബാഴ്‌സലോണ പ്രസിഡന്റിന്റെ സന്ദേശം

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

പുതിയ സീസണിൽ പതറിയിക്കൊണ്ടിരിക്കുന്ന ബാഴ്‌സലോണയെ തിരിച്ചു കൊണ്ട് വരാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രസിഡന്റ് യോൻ ലപോർട്ട. ഗ്രനാഡക്കെതിരായ മത്സരത്തിൽ സ്വന്തം മൈതാനത്ത് ബാഴ്‌സലോണ സമനില വഴങ്ങിയതിനു ശേഷം അയച്ച വീഡിയോ സന്ദേശത്തിൽ ടീമിനു നിലവിൽ നൽകുന്ന പിന്തുണ തുടരണമെന്ന് ലപോർട്ട ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്‌തു.

ബയേൺ മ്യൂണിക്കിനെതിരെ നടത്തിയ മോശം പ്രകടനത്തിന്റെ ക്ഷീണം മാറ്റാൻ ഒരു വിജയം അനിവാര്യമായിരുന്ന ബാഴ്‌സലോണ മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും പിന്നിൽ നിന്നതിനു ശേഷമാണ് ഗ്രനഡക്കെതിരെ സമനില സ്വന്തമാക്കിയത്. മത്സരത്തിനു ശേഷം പരിശീലകൻ റൊണാൾഡ്‌ കൂമാനെതിരെ ആരാധകരോഷം ശക്തമാകുന്നതിനിടയിലാണ് ആരാധകർക്ക് ലപോർട്ട സന്ദേശമയച്ചത്.

"ഹലോ ബാഴ്‌സലോണ ഫാൻസ്‌, നിങ്ങൾ ടീമിനെ പിന്തുണക്കുന്നതു തുടരണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. ടീമിനു നിങ്ങളെ ആവശ്യമുണ്ട്, അവർ നിങ്ങളോട് നന്ദിയുള്ളവരുമാണ്. നമ്മളൊരു വിഷമഘട്ടത്തെ നേരിട്ടു കൊണ്ടിരിക്കയാണെന്നു നിങ്ങൾക്ക് അറിയാം, ഇത്തരം സമയങ്ങളിലാണ് നിങ്ങൾ ഞങ്ങൾക്കൊപ്പം തുടരേണ്ടത്."

"കാഡിസിൽ വെച്ചു നടക്കുന്ന മത്സരവുമായി ചേർന്നു പോകുന്ന തരത്തിൽ ഒരു ആരാധകസംഘത്തിന്റെ പരിപാടിയിൽ ബാഴ്‌സ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കാഡിസിനെതിരെ ടീം വിജയം നേടാൻ ശ്രമിക്കുമെന്ന് നിങ്ങൾക്ക് ഉറച്ചു വിശ്വസിക്കാവുന്നതാണ്."

"എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല, എന്നാൽ ലെവാന്റക്കെതിരെ ഈയാഴ്ച മത്സരം നടക്കാനിരിക്കെ ടീമിനെ പിന്തുണക്കുന്നതു നിങ്ങൾ തുടരുക. ടീമിനത് ആവശ്യമാണ്. അതിനൊപ്പം ശാന്തരായി തുടരുക, എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കു ധാരണയുണ്ട്. നന്ദി, കമോൺ ബാഴ്‌സലോണ." തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ലപോർട്ട കുറിച്ചു.

ഇതു മൂന്നാമത്തെ തവണയാണ് ഇത്തരത്തിലുള്ള വീഡിയോ ലപോർട്ട പോസ്റ്റു ചെയ്യുന്നത്. അതേസമയം ബയേൺ മ്യൂണിക്ക്, ഗ്രനാഡ എന്നിവക്കെതിരെ നടന്ന മത്സരത്തിനു ശേഷം അയച്ച സന്ദേശത്തിലൊന്നും പരിശീലകൻ കൂമാനെ അദ്ദേഹം പിന്തുണച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്.

facebooktwitterreddit