Lionel Messi

മെസി ക്ലബ് വിട്ടത് വേദനയായിരുന്നു, താരത്തിന്റെ കാര്യത്തിൽ പരിഹാരം കാണുമെന്ന് ലപോർട്ട

Sreejith N
Joan Laporta Wants To Give Tribute To Lionel Messi
Joan Laporta Wants To Give Tribute To Lionel Messi / PAU BARRENA/GettyImages
facebooktwitterreddit

ലയണൽ മെസിക്കു ബാഴ്‌സലോണ വിടേണ്ടി വന്നത് തനിക്ക് വളരെയധികം വേദനയുണ്ടാക്കിയ സംഭവമാണെന്നും ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരത്തിന് അർഹിച്ച രീതിയിലുള്ള വിടവാങ്ങൽ ക്ലബ് നൽകുമെന്നും പ്രസിഡന്റ് യോൻ ലപോർട്ട. ഇന്നലെ ബാഴ്‌സലോണ അസംബ്ലിയിൽ സംസാരിക്കുന്ന സമയത്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണയുമായി കരാർ പുതുക്കാൻ തയ്യാറെടുത്തിരിക്കെയാണ് മെസിക്ക് അപ്രതീക്ഷിതമായി ക്ലബ് വിടേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധികൾ മൂലം മെസിക്ക് പുതിയ കരാർ നൽകാൻ കഴിയാത്തതു കൊണ്ടാണ് താരത്തെ ഒഴിവാക്കുന്നതെന്ന് ലപോർട്ട വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു.

"അത് സംഭവിച്ചതു മുതൽ എനിക്ക് വേദനയായിരുന്നു. മെസി ഞങ്ങൾക്കു നൽകിയ എല്ലാത്തിനെയും ആദരിക്കാനുള്ള നീക്കങ്ങൾക്ക് ഞാൻ അംഗീകാരം നൽകുന്നു, ഞാൻ അവരെ നയിക്കുന്നു, അല്ലെങ്കിൽ അവർക്കു പിന്നിൽ അണിനിരക്കുന്നു. താരം ഞങ്ങൾക്ക് എല്ലാം നൽകിയിട്ടുണ്ട്. നിങ്ങൾ ശരിയായ വിശകലനമാണ്‌ നടത്തിയിരിക്കുന്നത്."

"എന്നെ സംബന്ധിച്ച് ലിയോ എല്ലായിപ്പോഴും ബാഴ്‌സലോണയിൽ ഉണ്ടാകണമായിരുന്നു. എന്നാൽ സാഹചര്യങ്ങൾ കൊണ്ട് അതു ഞങ്ങൾക്കു ചെയ്യേണ്ടി വന്നു. എന്നാലതിന്റെ പേരിൽ ഞങ്ങൾക്ക് അദ്ദേഹത്തിന് നൽകേണ്ടി വരുന്ന അംഗീകാരത്തെ ഇല്ലാതാക്കാൻ കഴിയില്ല. നിരവധി വർഷങ്ങൾ ബാഴ്‌സലോണയ്ക്ക് വിജയങ്ങൾ സമ്മാനിച്ച മെസിക്ക് ഇപ്പോഴോ പിന്നീടോ വിടവാങ്ങൽ നൽകണം."

"ലയണൽ മെസി ഇല്ലായിരുന്നെങ്കിൽ കഴിഞ്ഞ ഇരുപതു വർഷത്തെ ബാഴ്‌സയെ മനസിലാക്കാൻ കഴിയില്ലായിരുന്നു. താരം ഈ ടീമിന്റെ മൂലക്കല്ലായിരുന്നു. ഞങ്ങളതിന് പരിഹാരം കാണാത്തത് എനിക്ക് വേദനയാണ്. നിങ്ങളതിന് നിർദ്ദേശങ്ങൾ നൽകുക, അതിനു പരിഹാരം കാണുന്നത് വരെ ഞാൻ വേദനിക്കും." ലപോർട്ട പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

അപ്രതീക്ഷിതമായി ബാഴ്‌സലോണ വിട്ടു പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് തന്റെ ഏറ്റവും മികച്ച പ്രകടനം ഇക്കഴിഞ്ഞ സീസണിൽ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. മെസിയുടെ അഭാവത്തിൽ ബാഴ്‌സലോണയും സീസണിൽ പതറിയെങ്കിലും സാവി പരിശീലകനായി എത്തിയതിനു ശേഷം അവർ തിരിച്ചു വരവിന്റെ പാതയിലാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit