Football in Malayalam

അന്ന് പറഞ്ഞത് ഫുട്ബോൾ വ്യവസായത്തെ സൂപ്പർ ലീഗ് കൊല്ലുമെന്ന്; ഇഎസ്എല്ലിനോടുള്ള നിലപാടിൽ യൂ ടേണേടുത്ത് ലപ്പോർട്ട

Gokul Manthara
FC Barcelona Basketball Present New Signing Pau Gasol
FC Barcelona Basketball Present New Signing Pau Gasol / Quality Sport Images/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ നിന്ന് പിന്മാറി പുതുതായി തുടങ്ങാനൊരുങ്ങുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാൻ ആദ്യം തീരുമാനമെടുത്ത ക്ലബ്ബുകളിലൊന്നാണ് സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണ. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ജോവൻ ലപ്പോർട്ട യൂറോപ്യൻ ലീഗെന്ന ആശയത്തെ പിന്തുണക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ ഈ വർഷമാദ്യം യൂറോപ്യൻ സൂപ്പർ ലീഗിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ അതിനോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നയാളാണ് ലപ്പോർട്ട എന്നതാണ് ശ്രദ്ധേയം.‌ അദ്ദേഹമാണ് ഇപ്പോൾ മാസങ്ങൾക്കുള്ളിൽ തന്റെ നിലപാടിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ഈ വർഷമാദ്യം ബാഴ്സലോണയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെ 'കോപ്പ്' നോട് സംസാരിക്കവെയായിരുന്നു ഒരു യൂറോപ്യൻ സൂപ്പർ ലീഗിന്റെ സാധ്യതയെക്കുറിച്ച് ലപ്പോർട്ടയോട് ചോദ്യം വന്നതും അദ്ദേഹം അതിനെ എതിർത്ത് സംസാരിച്ചതും. യൂറോപ്യൻ സൂപ്പർ ലീഗ്, ഫുട്ബോൾ വ്യവസായത്തെ കൊല്ലുമെന്ന് താൻ കരുതുന്നതായി അന്ന് തുറന്നടിച്ച ലപ്പോർട്ട, ഇത് പണത്തിന്റെ കളിയാണെന്നും, പുറത്ത് വരുന്ന വാർത്തകളിൽ നിന്നാണ് താൻ ഇതൊക്കെ മനസിലാക്കിയതെന്നും പറയുകയായിരുന്നു. ഒരു യൂറോപ്യൻ സൂപ്പർ ലീഗ് എങ്ങനെയാണ് സംഘടിപ്പിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തന്റെ പക്കലില്ലെന്നും, എന്നാൽ പണമല്ല എല്ലാമെന്നും ഇതിനൊപ്പം ലപ്പോർട്ട കൂട്ടിച്ചേർത്തിരുന്നു.

അന്ന് യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ നിലപാടെടുത്ത ലപ്പോർട്ട, അത്തരമൊരു ലീഗിന് പകരം രണ്ട് വർഷത്തിലൊരിക്കൽ വിപുലീകരിച്ച ക്ലബ്ബ് ലോകകപ്പും, അന്താരാഷ്ട്ര ലോകകപ്പും നടത്താമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് തന്റെ നിലപാടിൽ മലക്കം മറിയാൻ ലപ്പോർട്ടയെ പ്രേരിപ്പിച്ച കാര്യമെന്തെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.

അതേ സമയം യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ ഫുട്ബോൾ ലോകത്ത് കനത്ത പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് യുവേഫയും ഇതിനെതിരെ പരസ്യമായി രംഗത്തെത്തി. യൂറോപ്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ ലോകകപ്പിൽ നിന്നും യൂറോ കപ്പിൽ നിന്നും വിലക്കുമെന്ന് ഇന്നലെ യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ വ്യക്തമാക്കുകയായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit