ബാഴ്‌സലോണക്കു വേണ്ടി ഡെംബലെ ഇനി കളിക്കുമോയെന്നു തീരുമാനിക്കേണ്ടതു സാവിയാണെന്ന് ലപോർട്ട

Sreejith N
Granada CF v FC Barcelona - La Liga Santander
Granada CF v FC Barcelona - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടണമെന്ന നിർദ്ദേശം നൽകിയിട്ടും ബാഴ്‌സലോണയിൽ തന്നെ തുടരുന്ന ഫ്രഞ്ച് വിങ്ങർ ഒസ്മാനെ ഡെംബലെ ഇനി ക്ലബിനു വേണ്ടി കളിക്കുമോയെന്ന കാര്യത്തിൽ അവസാന തീരുമാനം തീരുമാനം എടുക്കേണ്ടത് പരിശീലകൻ സാവി ആണെന്നു വ്യക്തമാക്കി ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട. അതേസമയം സമ്മറിൽ കരാർ അവസാനിക്കുന്ന താരത്തിന് അവസരം ലഭിക്കുക ബുദ്ധിമുട്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സീസൺ അവസാനിക്കുന്നതോടെ കരാർ പൂർത്തിയാകുന്ന ഒസ്മാനെ ഡെംബലെക്ക് കരാർ നീട്ടാനുള്ള ഓഫറുകൾ ബാഴ്‌സ നൽകിയെങ്കിലും താരം അതിനോട് സഹകരിച്ചില്ല. ഇതോടെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരം ക്ലബ് വിടണമെന്ന നിർദ്ദേശം ബാഴ്‌സലോണ മേധാവികൾ താരത്തിനു നൽകി എങ്കിലും അതിനും തയ്യാറാവാതെ ക്ലബിനൊപ്പം തന്നെ കരാർ അവസാനിക്കുന്നതു വരെ തുടരാനുള്ള തീരുമാനമാണ് ഡെംബലെ എടുത്തത്.

"ഡെംബലെ കരാർ പുതുക്കാൻ താൽപര്യമില്ലാത്ത കളിക്കാരനാണ്. ഞങ്ങൾക്കു പൂർണമായും സ്വന്തമല്ലാതെ മറ്റൊരു ക്ലബുമായി കരാർ അംഗീകരിച്ചു നിൽക്കുന്നുവെങ്കിൽ താരത്തിന് ടീമിൽ കളിക്കുക പ്രയാസമുള്ള കാര്യമാണ്. കാരണം പരിശീലകനാണ് ടീമിനെ തീരുമാനിക്കുക, ആരെയൊക്കെ ഈ സീസണിലേക്കും അടുത്ത സീസണിലെക്കും വേണമെന്നു തീരുമാനിക്കുകയും അദ്ദേഹം തന്നെയാണ്."

"ഞങ്ങൾ മുന്നോട്ടു വെച്ച ഓഫറുകൾ താരത്തിനും ഏജന്റിനും സ്വീകാര്യമായ ഒന്നായിരുന്നില്ല. കരാർ നിലവിലുള്ള ഒരു താരം ലഭ്യമാണെങ്കിൽ അതുമായ ബന്ധപ്പെട്ട എല്ലാവിധ തീരുമാനങ്ങളും പരിശീലകൻ എടുക്കുമെന്നാണ് ക്ലബിന്റെ നിലപാട്. താരം കരാർ പുതുക്കാനുള്ള ഓഫർ സ്വീകരിക്കാതിരുന്നത് സാവിയെ വളരെ ആശ്ചര്യപ്പെടുത്തിയിരുന്നു. സാവിയുടെ മനസ്സിൽ അതുണ്ടാകും എന്നു ഞാൻ കരുതുന്നു." ലപോർട്ട വ്യക്തമാക്കി.

പുതിയ താരങ്ങൾ ക്ലബിൽ എത്തിയത് ഒസ്മാനെ ഡെംബലെയെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം കുറയ്ക്കുമെന്ന സൂചനകൾ ബാഴ്‌സലോണ ടെക്‌നിക്കൽ ഡയറക്റ്റർ ജോർദി ക്രൈഫും അഭിപ്രായപ്പെട്ടു. നേരിട്ടു കളിച്ചു ഗോളുകൾ നേടാൻ കഴിവുള്ള താരങ്ങളെയാണ് ക്ലബ് സ്വന്തമാക്കിയതെന്നും സാവിക്ക് അതു വളരെ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit