ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ്


മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് യോൻ ലപോർട്ട. ലെവൻഡോസ്കിക്കു വേണ്ടി മാത്രമാണ് ബാഴ്സ നീക്കങ്ങൾ നടത്തിയതെന്നു വ്യക്തമാക്കിയ ലപോർട്ട റൊണാൾഡോ ബാഴ്സലോണക്ക് ഓഫർ ചെയ്യപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ല.
റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസുമായി അടുത്ത ബന്ധം തങ്ങൾക്കുണ്ടെന്നു വ്യക്തമാക്കിയ ലപോർട്ട തുടക്കം മുതൽ തന്നെ ബയേൺ താരത്തിനു വേണ്ടിയാണ് ബാഴ്സലോണ ശ്രമം നടത്തിയതെന്നു പറഞ്ഞു. റൊണാൾഡോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഫുട്ബാളിൽ സ്വാഭാവികമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റൊണാൾഡോക്കു വേണ്ടി ബാഴ്സ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടത്തിയോ എന്ന കാര്യത്തിൽ പ്രതികരിക്കാനും ലപോർട്ട തയ്യാറായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച താരമാണെന്നും അദ്ദേഹത്തിന്റെയും യുണൈറ്റഡിന്റേയും ഭാവികാര്യങ്ങൾ തനിക്കറിയേണ്ട കാര്യമില്ലെന്നും ലപോർട്ട പറഞ്ഞു.
റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസും ബാഴ്സലോണ പ്രസിഡന്റും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുന്നതു കൊണ്ടാണ് താരം കാറ്റലൻ ക്ലബിലെത്തുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതെന്നു വേണം കരുതാൻ. അതേസമയം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോയെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.