ഫ്ലോറന്റീനോ പെരസുമായി സംസാരിക്കാറുണ്ട്, ബാഴ്സലോണ സൂപ്പർ ലീഗ് പദ്ധതികളുമായി മുന്നോട്ടു തന്നെയെന്ന് ലപോർട്ട


നിരവധി വിമർശനങ്ങളും ഭീഷണികളും ഉയർന്നുവെങ്കിലും സൂപ്പർ ലീഗ് പദ്ധതികളുമായി ബാഴ്സലോണ മുന്നോട്ടു തന്നെയാണെന്ന് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസുമായി ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും യൂറോപ്യൻ ഫുട്ബോളിനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
"അതു മുന്നോട്ടു പോകുന്നുണ്ട്. ഞങ്ങൾ ഫ്ലോറന്റീനോ പെരസുമായി ചേർന്നാണ് അതിനെ പ്രചരിപ്പിക്കുന്നത്, അദ്ദേഹവുമായി ഞാൻ ഇടക്കു സംസാരിക്കാറുമുണ്ട്. അത് യൂറോപ്യൻ ഫുട്ബോളിനെ സംരക്ഷിക്കാനുള്ള വഴിയാണ്. ആഭ്യന്തര ലീഗുകളെ തകർക്കാതെ, യൂറോപ്യൻ ഫുട്ബോളിന്റെ ഫ്രെയിംവർക്കിൽ നിന്നു തന്നെയാവണമത്. ഞങ്ങൾക്കത് വളരെ പ്രധാനമാണ്."
The Barcelona president still wants the controversial project to go ahead https://t.co/5o3DDHfKzk
— MARCA in English (@MARCAinENGLISH) April 2, 2022
"യൂറോപ്യൻ ഫുട്ബോൾ യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളുടെ കയ്യിലേക്കു പോകുന്നത് അനുവദിക്കാൻ കഴിയില്ല. മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും പണമുണ്ടാക്കുന്ന യന്ത്രങ്ങളാണ്. ഞങ്ങൾ അതിനെതിരെയാണ് പോരാടുന്നത്. ഞാൻ പറഞ്ഞ ക്ലബുകൾ മാത്രമല്ല, മറ്റുള്ളവർ നിശബ്ദരായി തുടരുകയാണ്. എന്നാൽ പിന്നണിയിൽ അവർ പിന്തുണയും നൽകുന്നുണ്ട്." ടിവിഇയോട് ലപോർട്ട പറഞ്ഞു.
"ഞങ്ങൾക്ക് ഈ പാതയിൽ തന്നെ തുടർന്നു പോകേണ്ടതുണ്ട്. ഇല്ലെങ്കിൽ യൂറോപ്യൻ ഫുട്ബോൾ സുസ്ഥിരമാകില്ലെന്നു മാത്രമല്ല, വികലമായി തീരുകയും ചെയ്യും. ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ക്ലബുകൾക്ക് ചരിത്രവും ട്രാക്ക് റെക്കോർഡും ഉണ്ട്, അതെല്ലാം കണക്കിലെടുക്കണം." ലപോർട്ട വ്യക്തമാക്കി.
യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച സമയത്ത് പന്ത്രണ്ടു ക്ലബുകൾ അതിന്റെ ഭാഗമായി നിന്നെങ്കിലും ഇപ്പോൾ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയവർ മാത്രമേ അതിൽ ഇടപെടൽ നടത്തുന്നുള്ളൂ. അതേസമയം സൂപ്പർ ലീഗിനെ തളർത്താൻ ചാമ്പ്യൻസ് ലീഗിൽ നിരവധി മാറ്റങ്ങൾ യുവേഫയും വരുത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.