ബാഴ്സലോണയിൽ മെസിയുടെ അധ്യായം അവസാനിച്ചിട്ടില്ലെന്ന് ലപോർട്ട


ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ ഇനിയുമവശേഷിക്കുന്നുണ്ടെന്ന സൂചനകൾ നൽകി ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട. കഴിഞ്ഞ ദിവസം ലാസ് വെഗാസിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ ബാഴ്സലോണയിൽ മെസിയുടെ അധ്യായം അവസാനിച്ചിട്ടില്ലെന്നാണ് ലപോർട്ട പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് കഴിഞ്ഞ സമ്മറിൽ ലയണൽ മെസിയെ ബാഴ്സലോണ ഒഴിവാക്കിയത്. എന്നാൽ ചില സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കി ഈ പ്രതിസന്ധിയെ നിലവിൽ മറികടക്കാൻ ക്ലബിന് കഴിഞ്ഞ സാഹചര്യത്തിൽ ലപോർട്ടയുടെ വാക്കുകൾ ആരാധകരിൽ വലിയ പ്രതീക്ഷ സൃഷ്ടിക്കുന്നതാണ്.
"ബാഴ്സലോണയിൽ മെസിയുടെ അധ്യായം അവസാനിച്ചിട്ടില്ല എന്നാണു ഞാൻ കരുതുന്നത്. ആ അധ്യായം തീർന്നിട്ടില്ലെന്നും അതിപ്പോഴും നിലവിലുണ്ടെന്നും ഉറപ്പു വരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അതെങ്ങിനെ ചെയ്യണമായിരുന്നു എന്നതു നടപ്പിലാക്കുന്ന നിമിഷത്തിൽ അദ്ദേഹത്തിന് ഇപ്പോൾ ഉണ്ടായതിനേക്കാൾ മികച്ചൊരു അവസാനം ലഭിക്കുമായിരുന്നു."
"ഞാൻ താരത്തോട് കടപ്പെട്ടിരിക്കുന്നുണ്ടോ? ബാഴ്സലോണയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ധാർമികമായി ചെയ്യേണ്ടതാണ് നടപ്പിലാക്കിയത്. അതെ ബാസ്സലോണയുടെ പ്രസിഡന്റ് എന്ന നിലയിൽ തന്നെ ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു." ലപോർട്ട മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.