ലയണൽ മെസി ബാഴ്സലോണയിൽ കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ലപോർട്ട


അർജന്റീനിയൻ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് കരാർ പുതുക്കാനാവാതെ വന്നതിനാൽ കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ട മെസി അടുത്ത വർഷം ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതാണ് ലപോർട്ടയുടെ പ്രതികരണം.
"ഞങ്ങളാരും ഒരിക്കലും ആഗ്രഹിച്ചതു പോലെയല്ല മെസിയുടെ ഘട്ടം അവസാനിച്ചത്. സാമ്പത്തികപ്രതിസന്ധികൾ മൂലമുള്ള പരിമിതികളാണ് അതിനു കാരണമായത്. ഞങ്ങൾ അദ്ദേഹത്തോട് ധാർമികമായി കടപ്പെട്ടിരിക്കുന്നു. താരത്തിന്റെ കരിയർ ബാഴ്സ ജേഴ്സിയിൽ തന്നെ അവസാനിപ്പിക്കാനുംഎല്ലാ സ്റ്റേഡിയങ്ങളിലും കയ്യടി നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു."
"ഇതു ഞങ്ങളുടെ ആഗ്രഹവും അഭിലാഷവുമാണ്. ഇതേക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. നിലവിലെ അവസാനം ഒരു സംയുക്ത ഉത്തരവാദിത്വമാണെന്ന് തോന്നുന്നു, അത് താൽക്കാലികമായ ഒന്നാണെന്നും കരുതുന്നു. ഈ അഭിലാഷം യാഥാർഥ്യമാക്കുകയാണ് വേണ്ടത്." കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ലപോർട്ട പറഞ്ഞു.
കുറച്ചു ദിവസങ്ങളായി മെസി ബാഴ്സയിലേക്ക് തിരിച്ചു വരുമെന്നും ബാഴ്സലോണ പരിശീലകൻ സാവി അതിനായി ക്ലബിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ പിഎസ്ജിയുമായി കരാറുള്ള താരം 2023ൽ അതവസാനിക്കുമ്പോൾ മാത്രമേ ബാഴ്സയിലേക്ക് തിരിച്ചു വരാൻ ചെറിയ സാധ്യതയെങ്കിലുമുള്ളൂ.