ഡെംബലെ മറ്റേതെങ്കിലും ക്ലബുമായി കരാറിൽ എത്തിയിട്ടുണ്ടാകുമെന്ന് ലപോർട്ട, താരത്തിനെതിരെ വിമർശനം

FBL-ESP-LIGA-BARCELONA
FBL-ESP-LIGA-BARCELONA / LLUIS GENE/GettyImages
facebooktwitterreddit

ഈ സീസണു ശേഷം ഫ്രീ ട്രാൻസ്‌ഫറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ ഡെംബലെ കരാറിൽ എത്തിയിട്ടുണ്ടാകുമെന്ന് ബാഴ്‌സ പ്രസിഡന്റ് യോൻ ലപോർട്ട. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരം ക്ലബ് വിടാതിരുന്നതിനെക്കുറിച്ചും ഡെംബലെക്കു വേണ്ടി ഉണ്ടായിരുന്ന ഓഫറുകളെക്കുറിച്ചും സംസാരിക്കുമ്പോഴാണ് ലപോർട്ട ഇക്കാര്യം വെളിപ്പെടുത്തിയത്.

"ഞങ്ങൾ താരത്തിന് കരാർ പുതുക്കാനുള്ള ഓഫർ നൽകിയിരുന്നു, അതു മികച്ച ഓഫറുമായിരുന്നു. എന്നാൽ ആ ഓഫർ സാമ്പത്തിക കാരണങ്ങൾ പറഞ്ഞ് പിന്നീട് നിരസിക്കപ്പെട്ടു, താരത്തിന് കൂടുതൽ വേണമായിരുന്നു. കരാർ പുതുക്കണമെന്ന് താരത്തോട് ഞങ്ങൾ പറഞ്ഞെങ്കിലും അത് മുന്നോട്ടു പോയില്ല. ഏജന്റ് കൃത്യമായി ഒന്നും പറയാത്ത ഒരു സാഹചര്യവും അതിന് അനന്തരഫലങ്ങളും ഉണ്ടായി. ഞങ്ങൾ ഞങ്ങൾക്കു കഴിയുന്നതിന്റെ പരമാവധി ചെയ്‌തു."

"ഞങ്ങൾ രണ്ടു പ്രൊപ്പോസൽ താരത്തിന് നൽകിയിരുന്നു, അത് വളരെ മികച്ചതുമായിരുന്നു. അത് സ്വീകരിച്ചില്ലെന്നത് വളരെ ആശ്ചര്യകരമായി തോന്നി. അവസാനത്തേത് ഒരു ഇംഗ്ലീഷ് ക്ലബിൽ നിന്നുമായിരുന്നു. എന്നാൽ താരം പോകാൻ തയ്യാറായില്ല. ഇവിടെ തന്നെ ആറു മാസം തുടരണമെന്ന താൽപര്യമാണ് ഡെംബലെ പ്രകടിപ്പിച്ചത്. അതു ക്ലബിനോ താരത്തിനോ ഗുണം ചെയ്യില്ല."

"ഡെംബലെയുമായി ബന്ധപ്പെട്ടു നടന്ന മുഴുവൻ കാര്യങ്ങളും മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. സാവി അടുത്ത സീസണെക്കുറിച്ചു കൂടി ചിന്തിച്ചാണ് ജോലി ചെയ്യുന്നത്. താരം മറ്റൊരു ക്ലബുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഡെംബലെയുടെ ഏജന്റ് ഞങ്ങൾക്കു നൽകിയ സൂചനയും അതു തന്നെയാണ്. ഞങ്ങൾ ക്ലബിന് ഗുണം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കും." ലപോർട്ട മാധ്യമങ്ങളോട് പറഞ്ഞു.

ആഴ്‌സണൽ താരമായിരുന്ന ഒബാമേയാങ്ങിനെ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിന് തൊട്ടു മുൻപേ ബാഴ്‌സലോണ സ്വന്തമാക്കിയെന്നും ലപോർട്ട സ്ഥിരീകരിച്ചു. ഈ ആഴ്‌ച അവസാനിക്കും മുൻപേ താരത്തെ ഔദ്യോഗികമായി ക്ലബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.