FC Barcelona News

ഡെംബലെയുടെ ഭാവിയെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട

Sreejith N
Laporta Says Dembele Tempted By Barcelona Departure
Laporta Says Dembele Tempted By Barcelona Departure / Soccrates Images/GettyImages
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിരതാരം ഒസ്മാനെ ഡെംബലെ അടുത്ത സീസണിൽ ബാഴ്‌സലോണയിൽ തന്നെ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും യാതൊരു വ്യക്തതയുമില്ലെന്ന് ക്ലബിന്റെ പ്രസിഡണ്ടായ യോൻ ലപോർട്ട. ഡെംബലെക്ക് ക്ലബ് വിടാനുള്ള സാദ്ധ്യതകൾ ഡെംബലെ ആകർഷിക്കുന്നുണ്ടെന്നും എന്നാൽ താരം ക്ലബിനൊപ്പം തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലപോർട്ട അറിയിച്ചു.

ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന ഒസ്മാനെ ഡെംബലെയുമായി കരാർ പുതുക്കാൻ ബാഴ്‌സലോണ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും താരവും ഏജന്റും അതിനോട് സമ്മതം മൂളിയിട്ടില്ല. ബാഴ്‌സലോണ മുന്നോട്ടു വെക്കുന്ന ഓഫറുകളിൽ തൃപ്‌തനല്ലാത്ത താരത്തിന് മറ്റുള്ള ഓഫറുകളിൽ താത്പര്യമുണ്ടെന്നാണ് ലപോർട്ട പറയുന്നത്.

"ഡെംബലെക്ക് ബാഴ്‌സലോണയിൽ തുടരണം. എന്നാൽ മറ്റുള്ള മികച്ച ഓഫറുകൾ താരത്തെ ആകർഷിക്കുന്നുണ്ട്. ബാഴ്‌സയുടെ ഓഫർ കുറേ മുൻപു തന്നെ നൽകിയതാണ്. അടുത്തയാഴ്ച്ച, ഈ സീസൺ അവസാനിക്കുന്നതു വരെ സമയം തരാനാണ് അവർ ആവശ്യപ്പെട്ടത്."

"ഞങ്ങൾക്ക് അതിനു മുൻപു തന്നെ മറുപടി വേണമായിരുന്നു. എന്നാൽ താരത്തിന്റെ കരാർ അവസാനിക്കുന്നതിനാൽ അതിൽ സമ്മർദ്ദം ചെലുത്താൻ കഴിയില്ല. പരിശീലകനും എനിക്കും താരത്തെ ഇഷ്‌ടമാണ്‌. ഞങ്ങൾ താരത്തെ നിലനിർത്താൻ എല്ലാ ശ്രമവും നടത്തിയിരുന്നു. താരം ഇപ്പോഴിവിടെ സന്തോഷത്തോടെ നിൽക്കുകയാണ്."

"എല്ലാവരുമായും വ്യക്തിപരമായി വളരെ മികച്ച ബന്ധമുണ്ട്. പിയറെ എമറിക്ക് ഒബാമയാങ് വന്നതിനു ശേഷം ഇരുവരും തമ്മിൽ നല്ല സൗഹൃദമുണ്ട്. ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പ്രതിനിധി സംഘം താരത്തിനുണ്ട്. പക്ഷെ ഡെംബലെ തുടരും എന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ലെങ്കിൽ ആ പൊസിഷൻ ഞങ്ങൾ കരുത്തുറ്റതാക്കും." ലപോർട്ട കാറ്റലൂണിയ റേഡിയോയോട് പറഞ്ഞു.

ഡെംബലെ ക്ലബ് വിടാൻ സാധ്യതയുള്ള സാഹചര്യത്തിൽ താരത്തിന് പകരക്കാരനായി ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരം റഫിന്യയെയാണ്‌ ബാഴ്‌സ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. താരവുമായി ബാഴ്‌സ ധാരണയിൽ എത്തിയെന്നും സീസണു ശേഷം ബാക്കി നടപടികൾ പൂർത്തിയാക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit