മെസിയുടെ കരാർ പുതുക്കാൻ ലാ ലിഗ നിയന്ത്രണങ്ങളിൽ അയവു വരുത്തണമെന്ന് ലപോർട്ട


ലയണൽ മെസിയുടെ കരാർ പുതുക്കുന്നതും സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതും എളുപ്പമാക്കാൻ ലാ ലിഗ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്തണമെന്നാവശ്യപ്പെട്ട് ബാഴ്സലോണ പ്രസിഡന്റ് യോൻ ലപോർട്ട. റയൽ ബെറ്റിസിൽ നിന്നും ഈ സമ്മറിൽ ബാഴ്സലോണ സ്വന്തമാക്കിയ ബ്രസീലിയൻ താരം എമേഴ്സണെ ക്യാമ്പ് നൂവിൽ അവതരിപ്പിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഓരോ സീസണിലും ക്ലബുകൾക്ക് നിശ്ചിത പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള തുക മാത്രമേ സ്ക്വാഡിനു വേണ്ടി ചിലവഴിക്കാൻ കഴിയൂവെന്ന ലാ ലീഗയുടെ നിയന്ത്രണമാണ് മെസിക്കു പുതിയ കരാർ നൽകുന്നതിൽ ബാഴ്സക്കു തടസം സൃഷ്ടിക്കുന്നത്. മെസിയടക്കമുള്ള താരങ്ങളെ രജിസ്റ്റർ ചെയ്താൽ ക്ലബിന്റെ വേതന വ്യവസ്ഥകൾ ഈ പരിധി താണ്ടുമെന്നതു കൊണ്ട് വലിയ പ്രതിസന്ധിയെയാണ് ബാഴ്സലോണ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.
He says "some issues haven't been resolved" ?https://t.co/nhwEMlYDHV
— MARCA in English (@MARCAinENGLISH) August 2, 2021
"ഫിനാൻഷ്യൽ ഫെയർ പ്ലേ പരിധിക്കുള്ളിൽ നിന്നു കൊണ്ടു സ്വന്തമാക്കുന്ന താരങ്ങളെയെല്ലാം രജിസ്റ്റർ ചെയ്യാൻ കഴിയണം. യൂറോപ്പിലെ മറ്റു ലീഗുകളിൽ ക്ലബുകളെ സഹായിക്കുന്നതു പോലെ ലാ ലിഗക്ക് കഴിയുമെങ്കിൽ ഈ നിയന്ത്രണങ്ങളിൽ അയവു വരുത്തണം. അങ്ങിനെയാണെങ്കിൽ ഞങ്ങൾക്ക് ഏതാനും താരങ്ങളെക്കൂടി സ്വന്തമാക്കാൻ കഴിയും." ലപോർട്ട പറഞ്ഞു.
"മെസിയെ സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം ശരിയായ ദിശയിലാണു മുന്നോട്ടു പോകുന്നത്. പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കയാണ്. വളരെ പ്രധാനപ്പെട്ട കാര്യമായാണ് കൊണ്ടു തന്നെ ഞങ്ങളതു ചെയ്തു കൊണ്ടിരിക്കയാണ്. ഗ്ലോബൽ സൂപ്പർസ്റ്റാറും ആരാധകരെ ആകർഷിക്കാൻ കഴിവുള്ളവനുമായ ലയണൽ മെസി ലാ ലിഗയിൽ വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്."
ഞായറാഴ്ച യുവന്റസിനെതിരെ നടക്കാനിരിക്കുന്ന യോൻ ഗാമ്പർ ട്രോഫി പോരാട്ടത്തിൽ മെസി കളിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായൊരു മറുപടി ലപോർട്ട പറഞ്ഞില്ല. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും അത് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നുമാണ് ലപോർട്ട പറഞ്ഞത്.