ഫ്രങ്കീ ഡി ജോങിനെ വിൽക്കാൻ ബാഴ്സലോണ സമ്മർദ്ദം ചെലുത്തുന്നില്ല, താരം പ്രീ സീസണുള്ള ടീമിൽ ഉണ്ടാകുമെന്ന് ലപോർട്ട


ഫ്രങ്കീ ഡി ജോങിനെ ടീമിൽ നിന്നും ഒഴിവാക്കാൻ ബാഴ്സലോണ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട വെളിപ്പെടുത്തി. പ്രീ സീസൺ മത്സരങ്ങൾക്കുള്ള ബാഴ്സലോണ ടീമിനൊപ്പം താരം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ലപോർട്ട അക്കാര്യത്തിൽ പരിശീലകൻ സാവിയാണ് അവസാനതീരുമാനം എടുക്കേണ്ടതെന്നും വ്യക്തമാക്കി.
സമ്മർ ജാലകത്തിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് ഫ്രെങ്കീ ഡി ജോങിന്റേത്. താരത്തെ വിൽക്കാൻ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ധാരണയിൽ എത്തിയെങ്കിലും ഡി ജോംഗ് ഇതുവരെയും ട്രാൻസ്ഫറിനു സമ്മതം മൂളിയിട്ടില്ല. ട്രാൻസ്ഫർ പൂർത്തിയാക്കാൻ ബാഴ്സലോണ ഡച്ച് താരത്തിനു മേൽ സമ്മർദ്ദതന്ത്രങ്ങൾ ആവിഷ്കരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ലപോർട്ട.
Frenkie de Jong deal, Barça president Laporta says: “It’s not true that we are forced to sell Frenkie de Jong, this is not correct”. 🔴 #FCB
— Fabrizio Romano (@FabrizioRomano) July 15, 2022
“Frenkie’s trip to the United States will be decided by Xavi”. pic.twitter.com/6AFvX4S6ov
"ഞങ്ങൾ ഡി ജോങിനെ വിൽക്കുന്നതിനു വേണ്ടി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നതിൽ യാതൊരു സത്യവുമില്ല. താരം പ്രീ സീസണായി യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകുമെന്നു ഞാൻ മനസിലാക്കുന്നു, സാവിയാണ് ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കേണ്ടത്." ബ്രസീലിയൻ താരം റഫിന്യയെ അവതരിപ്പിക്കുന്ന ചടങ്ങിൽ ലപോർട്ട പറഞ്ഞു.
ലപോർട്ടക്കു പുറമെ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ മാറ്റിയു അലെമണിയും അതേ വാക്കുകൾ ആവർത്തിച്ചു. ടീമിന്റെ പ്രധാന താരമായ ഡി ജോങിനെ തങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്നും എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം ചില താരങ്ങൾ ക്ലബ് വിടേണ്ടത് അനിവാര്യമാണെന്നും പറഞ്ഞ അദ്ദേഹം സ്പോർട്ടിങ് തലത്തിൽ നോക്കുമ്പോൾ പരിശീലകനാണ് തീരുമാനം എടുക്കേണ്ടത് എന്നു വ്യക്തമാക്കി.
ചില താരങ്ങൾക്ക് അവരുടെ സാഹചര്യം രണ്ടു മാസങ്ങൾക്കു മുൻപേ തന്നെ അറിയാമായിരുന്നുവെന്നും അലെമാണി കൂട്ടിച്ചേർത്തു. അവരുടെ ഭാവിയെക്കുറിച്ച് തീരുമാനമാകുന്നതു വരെ അവർ ക്ലബിനൊപ്പം തുടരുമെന്നും അതുടനെ സംഭവിക്കും എന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.