Transfers

ഡി ജോങിനെ വിൽക്കുന്ന കാര്യം ബാഴ്‌സലോണ പരിഗണിക്കുന്നില്ലെന്ന് ക്ലബ് പ്രസിഡന്റ് ലപോർട്ട

Sreejith N
Laporta Says Barca Have No Plan To Sell De Jong
Laporta Says Barca Have No Plan To Sell De Jong / Eric Alonso/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായ ഫ്രങ്കീ ഡി ജോംഗിനെ വിൽക്കുന്ന കാര്യം ബാഴ്‌സലോണ പരിഗണിക്കുന്നില്ലെന്ന് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമല്ല രംഗത്തുള്ളതെന്നും ക്ലബിൽ തന്നെ തുടരാനാണ് ഡി ജോങിന് താൽപര്യമുള്ളതെന്നും ലപോർട്ട പറഞ്ഞു.

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തിയതോടെയാണ് ഫ്രാങ്കീ ഡി ജോംഗിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായ ശ്രമങ്ങൾ ആരംഭിച്ചത്. താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്‌സലോണയും തമ്മിൽ ധാരണയായെന്ന റിപ്പോർട്ടുകൾ ഇടക്കു വെച്ച് ഉണ്ടായെങ്കിലും അതിനെ പൂർണമായും തള്ളുന്നതാണ് ലപോർട്ടയുടെ പ്രതികരണം.

"ഞങ്ങൾക്ക് താരത്തെ വിൽക്കാൻ യാതൊരു താൽപര്യവും ഇല്ല, ഡി ജോംഗിനും ക്ലബിൽ തന്നെ തുടരാനാണ് താൽപര്യം. താരത്തിനു വേണ്ടി രംഗത്തുള്ള ഒരേയൊരു ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ല. ഫ്രങ്കീയെ നിലനിർത്താൻ ഞങ്ങൾ എല്ലാം ചെയ്യും, എന്നാൽ വേതനവുമായി ബന്ധപ്പെട്ട് ചിലതു പരിഹരിക്കാനുണ്ട്." ലപോർട്ട കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ബാഴ്‌സ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടെലിവിഷൻ അവകാശങ്ങൾ നൽകി സിക്‌സ്ത്ത് സ്ട്രീറ്റുമായി ഒപ്പിട്ട കരാർ പ്രകാരം നാനൂറു മില്യൺ യൂറോയോളം ബാഴ്‌സക്ക് ലഭിക്കും. ഇതു പരിഗണിച്ചാണ് ക്ലബ് ഡി ജോങിനെ വിൽക്കാനുള്ള നീക്കം ഉപേക്ഷിച്ചതെന്നാണ് മനസിലാക്കേണ്ടത്.

ഡി ജോങിനെ നിലനിർത്തുമെന്ന് വ്യക്തമാക്കിയ ബാഴ്‌സലോണ സമ്മർ ജാലകത്തിൽ ലക്ഷ്യമിട്ട താരങ്ങൾക്കു വേണ്ടിയുള്ള നീക്കങ്ങളും ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. ലെവൻഡോസ്‌കി, റഫിന്യ, കൂണ്ടെ എന്നിവരാണ് ബാഴ്‌സ ലക്ഷ്യമിടുന്ന പ്രധാന താരങ്ങൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit