എർലിങ് ഹാലൻഡ് ബാഴ്‌സലോണയിലേക്കു തന്നെ, വെളിപ്പെടുത്തലുമായി ലപോർട്ടയുടെ ക്യാമ്പയ്ൻ മാനേജർ
By Sreejith N

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ് ബാഴ്‌സലോണയിലേക്കു തന്നെ ചേക്കേറുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് യോൻ ലപോർട്ട മത്സരിച്ചപ്പോൾ ക്യാമ്പയിൻ മാനേജരായിരുന്ന ലൂയിസ് കരാസ്‌കോ പറഞ്ഞു. നോർവീജിയൻ സ്‌ട്രൈക്കർ ബാഴ്‌സലോണയുടെ പ്രധാന ട്രാൻസ്‌ഫർ ലക്ഷ്യമാണെന്ന റിപ്പോർട്ടുകൾ ശക്തമായി ഉയർന്നു കൊണ്ടിരിക്കുന്നതിനിടെയാണ് കരാസ്‌കോ നിർണായക വെളിപ്പെടുത്തൽ.
"ഹാലൻഡ് ബാഴ്‌സലോണയിലേക്ക് തന്നെയെത്തും. പ്രസിഡന്റിന് ഹാളണ്ടിനെ ഇഷ്‌ടമാണെന്ന് എനിക്കറിയാം. പ്രതീകമാകാൻ കഴിയുന്ന താരവും മറ്റുള്ളവർക്ക് റഫറൻസും ഈ പ്രൊജക്റ്റിന്റെ മുൻനിരയിൽ നിൽക്കേണ്ട ആളുമാണ് താനെന്ന് അവനറിയാം. വരും വർഷങ്ങളിൽ യൂറോപ്യൻ ഫുട്ബോളിൽ ആധിപത്യം സ്ഥാപിക്കാൻ താരത്തിനു കഴിയും." കരാസ്‌കോ പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.
ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയമാണെങ്കിലും എർലിങ് ഹാലൻഡിനെ ക്ലബിലെത്തിക്കുന്ന കാര്യത്തിൽ വളരെയധികം പ്രതീക്ഷ ലപോർട്ട നൽകുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ വേതനം അടക്കമുള്ള കാര്യങ്ങൾ ബാഴ്‌സലോണയ്ക്ക് നൽകാൻ കഴിഞ്ഞാൽ അടുത്ത സമ്മറിൽ ഹാലാൻഡ് കാറ്റലൻ ക്ലബിലെത്തുമെന്ന ഉറപ്പ് മിനോ റയോള ലപോർട്ടക്ക് നൽകിയിട്ടുണ്ട്.
അതേസമയം ഹാലൻഡിനു വേണ്ടി റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള യൂറോപ്പിലെ വമ്പൻ ടീമുകൾ വല വിരിച്ചു കൊണ്ടിരിക്കുന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് ആശങ്ക തന്നെയാണ്. കിലിയൻ എംബാപ്പക്കൊപ്പം ഹാലൻഡിനെയും അണിനിരത്തി വീണ്ടുമൊരു ഗലാറ്റിക്കോ കാലഘട്ടം സൃഷ്‌ടിക്കാൻ ഫ്ലോറന്റീനോ പെരസ് ശ്രമിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ തുടങ്ങിയ ക്ലബുകളും താരത്തിനായി രംഗത്തുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.