ബാഴ്സയുടെ മത്സരങ്ങൾക്കു ശേഷം സാവിയോടു സംസാരിക്കാറുണ്ട്, സാവിയെ മാത്രമല്ല പരിശീലകനായി പരിഗണിക്കുന്നതെന്ന് ലപോർട്ട


ബാഴ്സലോണയുടെ മത്സരങ്ങൾക്കു ശേഷം സാവിയുമായി ഇടക്കെല്ലാം സംസാരിച്ചിരുന്നുവെന്ന് ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. റൊണാൾഡ് കൂമാനെ പുറത്താക്കിയ ഒഴിവിലേക്ക് പകരക്കാരനായി സാവി ടീമിലെത്തുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു ലപോർട്ട. പരിശീലക സ്ഥാനത്തേക്ക് സാവിയെ മാത്രമല്ല ബാഴ്സ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾക്കു മുന്നിലുള്ള ഓപ്ഷനുകളെ ഞാൻ കരുതലോടെ സൂക്ഷിക്കും. ചർച്ചകൾ അപകടത്തിലാക്കാൻ എനിക്ക് ആഗ്രഹമില്ല. സാവിയുടെ പേര്ഉയർന്നു വരുമെന്ന് എനിക്കറിയാം, എന്നാൽ മറ്റ് ഓപ്ഷനുകളുമുണ്ട്. പരിശീലകനായ സാവിയെക്കുറിച്ച് എനിക്കുള്ള അഭിപ്രായം അദ്ദേഹം നല്ലതാണെന്നു തന്നെയാണ്. വളരെ രസകരമായ ഒരു പ്രക്രിയയിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്."
Barcelona president Laporta: “I think Xavi is in an interesting process of growth as coach and I have very good references from people who know him very closely. We’ve spoken often for two months & have a good relationship, I know his opinion of the team”. ? #FCB #FCBlive pic.twitter.com/D0ConEK0TT
— Fabrizio Romano (@FabrizioRomano) October 29, 2021
"എനിക്ക് വളരെ നല്ല അഭിപ്രായങ്ങൾ ലഭിച്ചിട്ടുണ്ട്, അദ്ദേഹവുമായി ഞാൻ ഇടക്കെല്ലാം സംസാരിക്കുകയും ടീമിനെക്കുറിച്ച് സാവിയുടെ അഭിപ്രായം എനിക്കറിയുകയും ചെയ്യാം. എന്നാൽ അതെല്ലാം സുഹൃത്തുക്കൾ തമ്മിലുള്ള രഹസ്യസംഭാഷണങ്ങളാണ്. ഞങ്ങൾ ബാഴ്സയുടെ മത്സരങ്ങൾ ഒരുമിച്ചു കാണുമെന്നു നിങ്ങൾക്കു പറയാം, കാരണം അതു പൂർത്തിയായതിനു ശേഷം ഞങ്ങൾ വിളിക്കാറുണ്ട്." ലപോർട്ട പത്രസമ്മേളനത്തിൽ പറഞ്ഞു.
"ഞങ്ങൾ പരസ്പരം വിലമതിക്കുന്നവരാണ്, അദ്ദേഹം വളരെ മികച്ചതാണെന്നാണ് എന്റെ അഭിപ്രായം. സാവി ഒരിക്കൽ ബാഴ്സലോണ പരിശീലകനാവുമെന്ന് ഞാൻ എല്ലായിപ്പോഴും പറയാറുണ്ട്. എനിക്കു ചുറ്റുമുള്ളവരെ ഞാൻ വിശ്വസിക്കുന്നു, എല്ലാം ഉരുത്തിരിയുന്നത് ഞങ്ങൾ മനസിലാക്കുന്നു."
"ആരു വന്നാലും അവർക്കു ഞങ്ങളുടെ പൂർണപിന്തുണ ഉണ്ടായിരിക്കും, അതിനൊപ്പം തന്നെ വലിയ ആവശ്യങ്ങളും. ബാഴ്സലോണക്ക് പരിവർത്തനത്തിന്റെ ഒരു കാലഘട്ടമില്ലെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്." ലപോർട്ട വ്യക്തമാക്കി.
2019 മുതൽ അൽ സാദ് പരിശീലകനായ സാവി രണ്ടു വർഷത്തിനിടെ ഏഴു കിരീടങ്ങൾ അവർക്ക് സ്വന്തമാക്കി നൽകിയിട്ടുണ്ട്. ഇതുവരെയും താരം ബാഴ്സയിൽ എത്തുമെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതടുത്തു തന്നെ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.