എംബാപ്പെയുടെ ട്രാൻസ്ഫർ ആവശ്യങ്ങൾ വെളിപ്പെടുത്തി ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട


ഈ സീസൺ കഴിയുന്നതോടെ പിഎസ്ജി കരാർ പൂർത്തിയാകുന്ന കിലിയൻ എംബാപ്പയുടെ ഭാവിയെ ചുറ്റിപ്പറ്റിയാണ് ഫുട്ബോൾ ലോകമുള്ളത്. തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുത്തത് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് എംബാപ്പെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമാവുന്നുണ്ട്.
അതിനിടയിൽ എംബാപ്പെ ട്രാൻസ്ഫറിനായി മുന്നോട്ടു വെച്ച പ്രതിഫലത്തിന്റെ ഡിമാൻഡ് വെളിപ്പെടുത്തിയിരിക്കയാണ് ബാഴ്സലോണ പ്രസിഡന്റായ യോൻ ലപോർട്ട. റയൽ മാഡ്രിഡിനോട് താരം ആവശ്യപ്പെട്ട തുക നൽകാൻ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ ബാഴ്സലോണക്ക് കഴിയില്ലെന്നും ലപോർട്ട പറഞ്ഞു.
Barcelona president Joan Laporta has revealed why Kylian Mbappe's massive demands kept his club out of the bidding for his future.https://t.co/AiwOaS4BRN
— Standard Sport (@standardsport) May 18, 2022
"എംബാപ്പെ ആവശ്യപ്പെടുന്നത് പ്രതിവർഷം അമ്പതു മില്യൺ യൂറോയാണെങ്കിൽ ഞങ്ങൾക്കത് ഒരിക്കലും നൽകാൻ കഴിയില്ല. അവരതിനു ശേഷം ചാമ്പ്യൻസ് ലീഗ് കൂടി വിജയിച്ചില്ലെങ്കിലോ.. മുപ്പതു മില്യൺ യൂറോയെക്കുറിച്ചു പോലും ഞങ്ങൾക്ക് സംസാരിക്കാൻ കഴിയില്ല." ലപോർട്ട പറഞ്ഞു. ബാഴ്സയുടെ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
"ഞങ്ങൾക്ക് രണ്ടു സാമ്പത്തിക പദ്ധതികൾ ജൂൺ മുപ്പതിനു മുൻപ് പൂർത്തീകരിക്കാൻ കഴിഞ്ഞാൽ ക്ലബിന്റെ വലിയൊരു ഭാഗം കടങ്ങളും ഇല്ലാതാകും. ഇതിനി ഒരിക്കലും സംഭവിക്കില്ല. ഇത്രയും ഭ്രാന്തമായ കാര്യം ഒരിക്കലും സംഭവിക്കാതിരിക്കാൻ ഞങ്ങൾ ക്ലബിനുള്ളിൽ ബോധ്യം വരുത്തുന്നുണ്ട്." ലപോർട്ട കാറ്റലോണിയ റേഡിയോയോട് പറഞ്ഞു.
ബാഴ്സലോണ താരങ്ങളായ ഡാനി ആൽവസ്, ഗാവി എന്നിവർ പുതിയ കരാർ ഒപ്പിടുമെന്ന പ്രതീക്ഷ ലപോർട്ട പ്രകടിപ്പിച്ചപ്പോൾ ഡെംബലെ, ഡി ജോംഗ് എന്നിവരുടെ കാര്യത്തിൽ അദ്ദേഹം നിസംഗമായാണ് പ്രതികരിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞാൽ ഈ താരങ്ങളെ നിലനിർത്താൻ കഴിയുമെന്നും ലപോർട്ട കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.