റൊണാൾഡോയുടെ ഏജന്റുമായി കൂടിക്കാഴ്‌ച നടത്തിയതു സ്ഥിരീകരിച്ച് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബാഴ്‌സലോണയിലേക്ക് എത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളിൽ പ്രതികരിക്കാൻ വിസമ്മതിച്ച് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസുമായി കൂടിക്കാഴ്‌ച നടത്തിയതു സ്ഥിരീകരിച്ച ലപോർട്ട പക്ഷെ ഏതൊക്കെ താരങ്ങളെപ്പറ്റി ചർച്ച ചെയ്‌തുവെന്ന് വെളിപ്പെടുത്തിയില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള താൽപര്യം റൊണാൾഡോ ക്ലബ് നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് താരത്തെ ടീമിൽ എത്തിക്കുന്ന കാര്യം ബാഴ്‌സലോണ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നത്. മെൻഡസും ലപോർട്ടയും തമ്മിൽ നടത്തിയ ചർച്ചയിൽ ബെർണാർഡോ സിൽവ, റാഫ ലിയോ, റൂബൻ നെവസ് എന്നിവർക്കൊപ്പം റൊണാൾഡോയുടെ പേരും ഉയർന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Barcelona president Joan Laporta has revealed that he met with Cristiano Ronaldo’s agent Jorge Mendes on Monday. https://t.co/vy1fl9ilv4
— Sportskeeda Football (@skworldfootball) July 6, 2022
"ഞാൻ ജോർജ് മെൻഡസിനൊപ്പം തിങ്കളാഴ്‌ച ഡിന്നർ കഴിക്കുകയും മാർക്കറ്റിലുള്ള താരങ്ങളെക്കുറിച്ച് പൊതുവായുള്ള ചർച്ചകൾ നടത്തുകയും ചെയ്‌തിരുന്നു. ക്രിസ്റ്റ്യാനോ? ചർച്ചകളിൽ ഉയർന്നു വന്ന താരങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കാൻ പോകുന്നില്ല. എന്നാൽ മാർക്കറ്റിൽ ഏതൊക്കെ താരങ്ങളുണ്ടെന്ന് അറിയുന്നത് സന്തോഷമുള്ള കാര്യമാണ്."
"കളിക്കാരെ കുറിച്ച് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞാൻ സംസാരിക്കാൻ പോകുന്നില്ല. അതെല്ലാം ചിലപ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം. ബാഴ്‌സായുടെ താൽപര്യങ്ങൾക്ക് അതൊന്നും നൽകുന്നില്ല. മറ്റു ടീമുകളുമായി കരാറിലുള്ള താരങ്ങളെ ഞങ്ങൾ ബഹുമാനിക്കണം." ലപോർട്ട മാധ്യമങ്ങളോട് പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാധ്യത ലപോർട്ട തള്ളിക്കളഞ്ഞില്ലെന്നത് താരം കാറ്റലൻ ക്ലബ്ബിലേക്ക് ചേക്കേറാനിടയുണ്ടെന്ന സൂചനകൾ നൽകുന്നു. അതു സംഭവിച്ചാൽ മെസിയും റൊണാൾഡോയും കളിച്ച ആദ്യത്തെ ടീമായി ബാഴ്‌സലോണ മാറും. അതേസമയം റൊണാൾഡോക്കായി ചെൽസി, നാപ്പോളി തുടങ്ങി നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.