മാധ്യമങ്ങൾക്കു മറുപടി നൽകാതെ കൂമാൻ പത്രസമ്മേളനം അവസാനിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് ലപോർട്ട

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

കാഡിസിനെതിരെ നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായുള്ള ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ പത്രസമ്മേളനം ഏവരെയും അമ്പരപ്പിച്ച ഒന്നായിരുന്നു. പത്രസമ്മേളനത്തിൽ മുൻകൂട്ടി തയ്യാറാക്കിയ പ്രസ്‌താവന വായിക്കുക മാത്രം ചെയ്‌ത ഡച്ച് പരിശീലകൻ അതിനു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾ കേൾക്കാനോ അതിനു മറുപടി നൽകാനോ നിൽക്കാതെ സ്ഥലം വിടുകയും ചെയ്‌തു.

കൂമാന്റെ പ്രവൃത്തിയെക്കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ച് തനിക്കും അറിവുണ്ടായിരുന്നില്ല എന്നാണു ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട പറഞ്ഞത്. പത്രസമ്മേളനം നടക്കുന്നതിനു തൊട്ടു മുൻപാണ് അതേക്കുറിച്ച് തന്നോട് പറഞ്ഞതെന്നും പരിശീലകർക്ക് മാധ്യമങ്ങളോട് സംസാരിക്കാനും സംസാരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ലപോർട്ട പറഞ്ഞു.

"പത്രസമ്മേളനം ഒരു പ്രസ്‌താവനയിൽ മാത്രം ഒതുക്കുമെന്നുള്ള കാര്യം അവസാന നിമിഷമാണ് ഞങ്ങൾ അറിഞ്ഞത്. എന്തായാലും അദ്ദേഹത്തിന് പ്രെസ് കോൺഫെറൻസിൽ പങ്കെടുക്കണമെന്ന ചുമതലയുണ്ടെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാണോ വേണ്ടേ എന്നത് സ്വന്തം താൽപര്യമാണ്. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു." ലപോർട്ട പറഞ്ഞു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാഴ്‌സ മോശം പ്രകടനം നടത്തിയതിനെ കുറിച്ചും ലപോർട്ട പറഞ്ഞു. "ഞങ്ങൾ ഒരു പ്രയാസകരമായ നിമിഷത്തിലാണ്. വളരെയധികം ശാന്തത ഉണ്ടാകണമെന്നും കാഡിസിനെതിരെ നല്ലൊരു ഫലത്തിനായി കാത്തിരിക്കണമെന്നും ഞാൻ കരുതുന്നു. അതാണ് ഞങ്ങൾക്ക് താത്പര്യമുള്ളത്. ഫലങ്ങൾ കൊണ്ട് പ്രശ്‌നങ്ങളെ മറികടക്കാൻ കഴിയുകയെന്നത്."

"ഞങ്ങൾ മുന്നോട്ടു നീങ്ങുകയും പോരാട്ടം തുടരുകയും ചെയ്യും. ഞങ്ങൾക്ക് പന്ത് മൈതാനത്തു ലഭിച്ചു കഴിഞ്ഞാൽ ഏറ്റവും നന്നായി കളിക്കുക എന്നതാണു പ്രധാനം." ലപോർട്ട വ്യക്തമാക്കി.

facebooktwitterreddit