FC Barcelona News

ഫ്രാങ്ക്ഫർട്ട് ആരാധകർ ക്യാമ്പ് നൂ കീഴടക്കിയ സംഭവത്തിൽ വിശദീകരണവുമായി ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട

Sreejith N
Laporta Promises Changes After Europa League Ticket Farce
Laporta Promises Changes After Europa League Ticket Farce / Quality Sport Images/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം ക്യാമ്പ് നൂവിൽ വെച്ചു നടന്ന യുവേഫ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ ജർമൻ ക്ലബായ ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ടിന്റെ ആരാധകർ സ്റ്റേഡിയത്തിൽ വലിയ തോതിൽ എത്തിയതിനെക്കുറിച്ച് വിശദീകരണവുമായി ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. സംഭവത്തിൽ ക്ലബിന്റെ ഭാഗത്തു നിന്നും തെറ്റു പറ്റിയിട്ടില്ലെങ്കിലും അദ്ദേഹം ക്ഷമാപണം നടത്തി.

എൺപത്തിനായിരത്തോളം കാണികളെത്തിയ മത്സരത്തിൽ അയ്യായിരം ടിക്കറ്റുകൾ മാത്രമാണ് യഥാർത്ഥത്തിൽ എവേ ഫാൻസിനു നൽകിയുള്ളൂ എങ്കിലും മത്സരത്തിനായി എത്തിയത് മുപ്പത്തിയയ്യായിരത്തോളം ഫ്രാങ്ക്ഫർട്ട് ആരാധകരാണ്. ഇവർ വലിയ പിന്തുണ ഫ്രാങ്ക്ഫർട്ടിനു നൽകിയതിനാൽ ഹോം ഗ്രൗണ്ടിൽ മത്സരമെന്ന ആനുകൂല്യം ബാഴ്‌സലോണക്കു ലഭിച്ചിരുന്നില്ല.

ക്ലബ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 37746 ആരാധകർ സീസൺ ടിക്കറ്റുമായി മത്സരത്തിനെത്തിയിട്ടുണ്ട്. ഇതിനു പുറമെ പൊതുജനങ്ങൾക്കായി 34440 ടിക്കറ്റുകളും അനുവദിച്ചു. യുവേഫയുടെ നിയന്ത്രണങ്ങൾ അനുസരിച്ച് 5000 ടിക്കറ്റുകൾ ഫ്രാങ്ക്ഫർട്ട് ആരാധകർക്ക് അനുവദിച്ചു നൽകി. ഇതിനു പുറമെ യുവേഫയുടെ ക്ഷണിതാക്കൾക്കായി 2425 ടിക്കറ്റുകളും റിസർവ് ചെയ്‌തിരുന്നു.

സീസൺ ടിക്കറ്റ് ഹോൾഡേഴ്‌സ് പ്രയോജനപ്പെടുത്താതിരുന്ന, ബാഴ്‌സലോണ പൊതുവായി വിൽപ്പനയ്ക്കു വെച്ച 34440 ടിക്കറ്റുകൾ ജർമൻ ക്രെഡിറ്റ് കാർഡോ ജർമൻ ഐപി അഡ്രസോ ഉപയോഗിച്ച് വാങ്ങാൻ കഴിയില്ലെന്നതിനാൽ ഈ ടിക്കറ്റുകൾ വാങ്ങിയവരിൽ പലരും അത് ജർമൻ ആരാധകർക്ക് മറിച്ചു വിറ്റുവെന്നാണ് ലപോർട്ട പറയുന്നത്.

പൊതുവായി വിൽപ്പനയ്ക്കു വെക്കുന്നതിന്റെ ഇരുപത്തിനാലു മണിക്കൂർ മുൻപ് ക്ലബ് അംഗങ്ങൾക്ക് ഈ ടിക്കറ്റുകൾ അമ്പതു ശതമാനം കിഴിവിൽ വിറ്റതായും ലപോർട്ട പറയുന്നു. ഈ ടിക്കറ്റുകളിൽ വലിയൊരു ഭാഗം ജർമൻ ആരാധകരുടെ കയ്യിൽ എത്തിയതിനു പുറമെ സീസൺ ടിക്കറ്റ് ഹോൾഡേഴ്‌സിനുള്ള 37746 സീറ്റുകളിലും ജർമൻ ആരാധകർ ഉണ്ടായിരുന്നവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സംഭവത്തിൽ ക്ലബല്ല യഥാർത്ഥത്തിൽ ഉത്തരവാദികളെങ്കിലും മത്സരം നടത്തിയത് തങ്ങളായതിനാൽ ക്ഷമ ചോദിക്കുന്നുവെന്നും വലിയ നാണക്കേടാണ് ഇക്കാര്യമെന്നും ലപോർട്ട പറഞ്ഞു. ഇനി മുതൽ യൂറോപ്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ആരുടെ പേരിലാണോ വാങ്ങിയത്, അവർക്കു മാത്രം മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ നോൺ-ട്രാൻസ്ഫറബിൾ ആയി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit