Transfers

റൊണാൾഡോയെ ബാഴ്‌സലോണയിൽ എത്തിക്കുന്നതിനെ കുറിച്ചു ചർച്ച നടത്തി ലപോർട്ടയും ജോർജ് മെൻഡസും

Sreejith N
Laporta Mendes Discusses About Cristiano Ronaldo
Laporta Mendes Discusses About Cristiano Ronaldo / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബുകളിൽ ബാഴ്‌സലോണയും. കഴിഞ്ഞ ദിവസം ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ടയും റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസും തമ്മിൽ നടത്തിയ ട്രാൻസ്‌ഫർ ചർച്ചകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരും ഉയർന്നു വന്നുവെന്ന് സ്‌പാനിഷ്‌ മാധ്യമം ഡിയാരിയോ എഎസാണ് റിപ്പോർട്ടു ചെയ്‌തത്‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതും ട്രാൻസ്‌ഫർ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കാത്തതിനാൽ വരുന്ന സീസണിൽ കിരീടസാധ്യത കുറയുമെന്നതുമാണ് ക്ലബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്നത്. ഇതിനു പിന്നാലെ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ നിരവധി ക്ലബുകൾ ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ജോർജ് മെൻഡസിന്റെ കക്ഷികളായ ബെർണാർഡോ സിൽവ, റൂബൻ നെവസ്, റാഫ ലിയോ എന്നിവരെപ്പറ്റി ചർച്ച നടത്തുന്നതിന്റെ കൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാഹചര്യവും വിലയിരുത്തപ്പെട്ടത്. ബാഴ്‌സലോണയിൽ താരത്തെ എത്തിക്കാനുള്ള സാധ്യത രണ്ടു പേരും സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ സമ്മറിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ ലപോർട്ട ശ്രമിച്ചിരുന്നു. യുവന്റസ് വിട്ട താരത്തിനായി ശ്രമം നടത്താൻ ബാഴ്‌സലോണക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ടീമിന്റെ സാമ്പത്തികപ്രതിസന്ധി അതിനു തടസം നിൽക്കുകയായിരുന്നു. എന്നാൽ നിലവിൽ ബാഴ്‌സ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികൾ കൃത്യമായി നടപ്പാക്കിയാണ് ട്രാൻസ്‌ഫർ ജാലകത്തിൽ ഇറങ്ങിയിരിക്കുന്നത്.

അതേസമയവും റൊണാൾഡോ ബാഴ്‌സലോണയുടെ ഏറ്റവും പ്രധാന ലക്ഷ്യമാകാനുള്ള സാധ്യത കുറവാണ്. ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിക്കു വേണ്ടിയാണ് ക്ലബ് ശ്രമം തുടരുന്നത്. എന്നാൽ ബയേൺ പോളിഷ് സ്‌ട്രൈക്കറെ വിട്ടുകൊടുക്കാൻ മടി കാണിക്കുന്നതിനാൽ അതിനു പകരമെന്ന നിലയിലാവും റൊണാൾഡോയെ ബാഴ്‌സ പരിഗണിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit