Football in Malayalam

കരാർ പുതുക്കിയില്ലെങ്കിൽ ക്ലബ് വിടാം, മൊറീബക്ക് അന്തിമ നിർദ്ദേശവുമായി ബാഴ്‌സ പ്രസിഡന്റ്

Sreejith N
FC Barcelona Unveils New Signing Emerson Royal
FC Barcelona Unveils New Signing Emerson Royal / Quality Sport Images/Getty Images
facebooktwitterreddit

യുവതാരം ഐലക്‌സ് മൊറീബയുടെ കരാർ പുതുക്കാൻ വേണ്ടി ബാഴ്‌സ വളരെയധികം ശ്രമങ്ങൾ നടത്തിയെങ്കിലും ഇതുവരെയും അതിനോട് അനുകൂലമായല്ല താരം പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ സീനിയർ ടീമിലെത്തി മികച്ച പ്രകടനം നടത്തിയ മൊറീബ ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കെ അതു പുതുക്കാൻ വമ്പൻ പ്രതിഫലം ആവശ്യപ്പെടുന്നതാണു കരാർ പുതുക്കാനുള്ള നീക്കങ്ങൾ പരാജയപ്പെടാൻ കാരണം.

മൊറീബയുമായുള്ള കരാർ ചർച്ചകളിൽ പുരോഗമനമില്ലാത്തതു കൊണ്ട് താരത്തിന് അന്ത്യശാസനം നൽകിയിരിക്കയാണ് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട. നിലവിലെ സാഹചര്യവും മൊറീബയുടെ നിലപാടും അംഗീകരിക്കാൻ കഴിയില്ലെന്നും കരാർ പുതുക്കാൻ കഴിയില്ലെങ്കിൽ താരത്തിന് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാമെന്നും ലപോർട്ട വ്യക്തമാക്കി.

"ഈ വിഷയം ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കും. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിന് അതു പുതുക്കാൻ താൽപര്യമില്ല. ഈ സാഹചര്യം ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തതിനാൽ നടപടി എടുക്കേണ്ടതുണ്ട്." ബ്രസീലിയൻ താരമായ എമേഴ്‌സണെ ക്യാമ്പ് നൂവിൽ അവതരിപ്പിക്കുന്ന ചടങ്ങിൽ ലപോർട്ട പറഞ്ഞു.

"മികച്ച കളിക്കാരനായ മൊറീബ കരാർ പുതുക്കുന്നുല്ലെങ്കിൽ ഞങ്ങൾക്ക് മറ്റു പരിഹാര മാർഗങ്ങളുണ്ടെന്ന് താരത്തിനറിയാം. സ്വന്തം വീട്ടിലെന്ന പോലെ പരിഗണിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്‌ത താരങ്ങൾ ഒരു വർഷം മാത്രം കരാർ ബാക്കി നിൽക്കെ അതു പുതുക്കാതിരിക്കുന്നത് ഞങ്ങൾ അനുവദിക്കില്ല.

"താരത്തിന് ഞങ്ങൾ അവസരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ക്ലബാണ് എല്ലാറ്റിലും വലുതെന്നതുകൊണ്ടു തന്നെ ഇത്തരം നീക്കങ്ങൾ ഞങ്ങൾക്കു മേൽ നടത്താൻ കഴിയില്ല. ഈ സാഹചര്യം മറികടക്കപ്പെടും എന്നു തന്നെയാണ് ഞാൻ കരുതുന്നത്."

"ഞങ്ങൾ ചെയ്‌തു നൽകിയതൊന്നും താരത്തിനു മനസിലാക്കാൻ കഴിയുന്നില്ലെന്നത് മോശമാണ്. എന്തായാലും താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബ് വിടാനനുവദിക്കാൻ കഴിയില്ല. ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിട്ടേണ്ടവർക്ക് അതു ചെയ്യാം, എന്നാൽ അതിനു ചില നിബന്ധനകളുണ്ട്. യാദൃശ്ചികവശാൽ അതങ്ങനെയാണ്." ലപോർട്ട വ്യക്തമാക്കി.

മൊറീബ കരാർ പുതുക്കാതിരിക്കുന്നതിനു പിന്നിൽ പ്രീമിയർ ലീഗ് ക്ലബുകളാണെന്നു ബാഴ്‌സ വിശ്വസിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് താരത്തിനായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.

facebooktwitterreddit