മെസി സൗജന്യമായി ബാഴ്സയിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, കൂമാന്റെ പരിശീലക സ്ഥാനത്തെക്കുറിച്ചും ലപോർട്ട


ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം ലയണൽ മെസിക്ക് പുതിയ കരാർ നൽകാൻ കഴിയില്ലെന്നു വ്യക്തമായ സമയത്ത് താരം സൗജന്യമായി ബാഴ്സലോണക്കു വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. തന്റെ പ്രതിഫലത്തിൽ നിന്നും അമ്പതു ശതമാനം വെട്ടിക്കുറയ്ക്കാൻ മെസി തയ്യാറായിട്ടും കരാർ പുതുക്കാൻ ബാഴ്സലോണക്കു കഴിയാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് താരം സമ്മറിൽ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്.
"മെസിയോട് എനിക്കൊരു ദേഷ്യവും തോന്നുന്നില്ല, കാരണം അദ്ദേഹത്തെ ഞാൻ വിലമതിക്കുന്നു. താരത്തിന് ക്ലബിനൊപ്പം തുടരാനുള്ള വലിയ ആഗ്രഹമുണ്ടായിരുന്നു എന്നെനിക്കറിയാം, അതേസമയം തന്നെ താരത്തിനു ലഭിച്ച ഓഫർ കാരണം സമ്മർദ്ദവും ഉണ്ടായിരുന്നു. പിഎസ്ജിയിൽ നിന്നും താരത്തിനു നേരത്തെ തന്നെ ഓഫർ ഉണ്ടായിരുന്നുവെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. അതൊരു കരുത്തുറ്റ ഓഫറായിരുന്നുവെന്നും എല്ലാവർക്കും അറിയാം, മെസിയിൽ നിന്നും ഞങ്ങളത് അറിഞ്ഞു."
Barcelona's president, Joan Laporta, hoped Lionel Messi would stay at Barcelona for free ? pic.twitter.com/Oj4ENQRdNn
— ESPN FC (@ESPNFC) October 8, 2021
"പുറകോട്ടു പോയിരുന്നെങ്കിൽ എന്നു ഞാൻ ഒരിക്കലും ചിന്തിക്കുന്നില്ല. ബാഴ്സക്കു വേണ്ടി മികച്ചത് ചെയ്യണമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ക്ലബ്ബിനെ അപകടത്തിലേക്ക് നയിക്കാൻ കഴിയില്ല. അവസാന നിമിഷം മെസി ഫ്രീയായി കളിച്ച് ബാഴ്സയിൽ തുടരുമെന്ന് ഞാൻ കരുതിയിരുന്നു. ഞാനത് ഇഷ്ടപ്പെടുകയും മെസിക്കതെന്നെ ബോധ്യപ്പെടുത്തുകയും ചെയ്യാമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരു താരത്തോട് ഞങ്ങൾക്കത് ചോദിക്കാൻ കഴിയില്ല," ആർഎസി സ്പോർട്ടിനോട് ലപോർട്ട പറഞ്ഞു.
ബാഴ്സ പരിശീലകനായ കൂമാൻ തൽസ്ഥാനത്ത് തുടരുമെന്നും ലപോർട്ട പറഞ്ഞു. അദ്ദേഹത്തിനു നിലവിലുള്ള കോൺട്രാക്റ്റിനെ ബഹുമാനിക്കുന്നുവെന്നും തന്റെ തീരുമാനം ഉചിതമാണെന്നും ലപോർട്ട വ്യക്തമാക്കി. സാവി, പെപ് ഗ്വാർഡിയോള എന്നിവർ സുഹൃത്തുക്കളാണെന്നും തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാവുന്നതു കൊണ്ട് അവർ എന്തു ചിന്തിക്കുന്നുവെന്ന് അറിയാൻ തനിക്ക് താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഴ്സലോണ യുവതാരങ്ങളായ അൻസു ഫാറ്റി, പെഡ്രി, ഗാവി എന്നിവരുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്നും ലപോർട്ട അറിയിച്ചു. താരങ്ങളെല്ലാം കരാർ പുതുക്കുന്നതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത് എന്നും അടുത്തയാഴ്ച ഒരു നല്ല വാർത്ത കേൾക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.