Football in Malayalam

ലപോർട്ടക്ക് തന്നിൽ വിശ്വാസമുണ്ട്, പക്ഷെ പരിശീലകനായി തുടരുന്ന കാര്യം ഉറപ്പിക്കാനാവില്ലെന്ന് കൂമാൻ

Sreejith N
FC Barcelona v Sevilla: Copa del Rey Semi Final Second Leg
FC Barcelona v Sevilla: Copa del Rey Semi Final Second Leg / David Ramos/Getty Images
facebooktwitterreddit

ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെടുത്ത യോൻ ലപോർട്ടക്ക് തന്നിൽ വിശ്വാസമുണ്ടെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ലപോർട്ട സ്ഥാനമേറ്റെടുത്തതു കൊണ്ട് കൂമാൻ ഒഴിവാക്കപ്പെടുമെന്നും സാവി പരിശീലകനായി എത്തുമെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളുന്നതാണ് ഡച്ച് പരിശീലകന്റെ വെളിപ്പെടുത്തലെങ്കിലും ഈ സീസണിൽ ബാഴ്‌സലോണ നേട്ടങ്ങൾ സ്വന്തമാക്കിയില്ലെങ്കിൽ താൻ മാനേജർ സ്ഥാനത്തു തുടരുന്നതിനെ ബാധിക്കുമെന്ന് കൂമാൻ സമ്മതിച്ചു.

"ഈ സീസണിൽ ബാഴ്‌സലോണയിൽ നടത്തിയ പ്രവർത്തനങ്ങളെ ലപോർട്ട മതിക്കുന്നുണ്ടെന്നത് വളരെ പ്രധാനമാണ്. എന്നിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. എന്നാൽ റിസൾട്ടുകൾ ടീമിന് ഗുണകരമായി വന്നില്ലെങ്കിൽ അതിൽ മാറ്റമുണ്ടാകുമെന്നുറപ്പാണ്," റയൽ സോസിഡാഡുമായുള്ള ലാ ലിഗ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് കൂമാൻ പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിൽ പതറിയ കളിയാണ് കാഴ്ച വെച്ചിരുന്നതെങ്കിലും പകുതി സീസൺ പിന്നിടുമ്പോൾ വളരെയധികം മാറ്റങ്ങൾ ബാഴ്‌സയിലുണ്ടായിട്ടുണ്ട്. പുതുവർഷം പിറന്നതിനു ശേഷം ലാ ലീഗയിൽ ഒരു മത്സരം പോലും തോൽക്കാതെ കുതിക്കുകയാണെങ്കിലും ബാഴ്‌സലോണക്ക് ലീഗിലെ മികച്ച ടീമുകളിൽ ഒന്നായ റയൽ സോസിഡാഡുമായുള്ള മത്സരം എളുപ്പമായിരിക്കില്ലെന്നാണ് കൂമാൻ പറയുന്നത്.

നിർണായകമായ എവേ മത്സരത്തിൽ സസ്‌പെൻഷൻ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഫ്രങ്കി ഡി ജോംഗ്, ലയണൽ മെസി എന്നിവർക്ക് വിശ്രമം അനുവദിക്കില്ലെന്നും കൂമാൻ വ്യക്തമാക്കി. ഒരു താരങ്ങളെയും റിസേർവിൽ വെക്കുന്ന സ്വഭാവം തനിക്കില്ലെന്നും ഏതെങ്കിലും താരം സസ്പെൻഷനിലായാൽ മറ്റു താരങ്ങൾക്ക് അവസരം നൽകുമെന്നുമാണ് കൂമാന്റെ നിലപാട്.

സെൽറ്റ വിഗോക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടി ബാഴ്‌സലോണയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വന്നതോടെ റയൽ സോസിഡാഡിനെതിരെ വിജയം നേടി രണ്ടു പോയിന്റ് ലീഡ് നിലനിർത്തുക തന്നെയാണ് ബാഴ്‌സയുടെ ലക്ഷ്യം.

facebooktwitterreddit