എർലിങ് ഹാലൻഡ് ട്രാൻസ്ഫറിനായി ബാഴ്സലോണ നീക്കങ്ങൾ നടത്തിയിട്ടില്ലെന്ന് ലപോർട്ട


ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനു വേണ്ടി ബാഴ്സലോണ ഇതുവരെയും നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. നേരത്തെ താരവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വാർത്തകൾ ബാഴ്സലോണ പരിശീലകനായ സാവി അംഗീകരിക്കാനോ നിഷേധിക്കാനോ തയ്യാറായില്ല എന്നിരിക്കെയാണ് ലപോർട്ട ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ഹാലൻഡുമായി മ്യൂണിക്കിൽ കൂടിക്കാഴ്ച നടത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അതിനെ നിഷേധിക്കാൻ നിൽക്കാതെ വിശദവിവരങ്ങൾ നൽകാൻ കഴിയില്ലെന്നും ഇപ്പോഴും പിന്നീടും ക്ലബിനു വേണ്ടി നല്ലത് ചെയ്യാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നുമാണ് സാവി മറുപടി പറഞ്ഞത്. എന്നാൽ താരത്തിനു വേണ്ടി യാതൊരു നീക്കവും നടത്തിയിട്ടില്ല എന്നായിരുന്നു ഇതേക്കുറിച്ച് ലപോർട്ടയുടെ മറുപടി.
Laporta on Haaland's meeting with Xavi & his relationship with Raiola https://t.co/4n2amORQgz
— SPORT English (@Sport_EN) March 5, 2022
"ഹാലൻഡുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവെന്നതിനെ ഞാൻ നിശേഷിക്കുന്നു. ഒരു മീറ്റിങ്ങോ, സംഭാഷണമോ, ഒന്നും തന്നെയും അതിൽ നടന്നിട്ടില്ല. സാവിയും എർലിങ് ഹാലൻഡും മ്യൂണിക്കിൽ കൂടിക്കാഴ്ച നടത്തിയെന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. കായികമേഖലയിൽ നിൽക്കുന്ന രണ്ടു പേർക്ക് ഫുട്ബോളിനെ പറ്റി സംസാരിക്കാം എന്നു ഞാൻ കരുതുന്നു. ഞങ്ങൾ ആദ്യം ചെയ്യേണ്ടത് താരത്തിന്റെ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനെ ബന്ധപ്പെടുക എന്നതാണ്." ലപോർട്ട ബാഴ്സലോണ ആരാധകരുടെ ഒരു യോഗത്തിൽ പറഞ്ഞു.
കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് വിശ്വസിക്കുന്ന ബാഴ്സലോണ എർലിങ് ഹാലൻഡിനു വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കിയെന്ന് വിവിധ യൂറോപ്യൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയാൽ ഹാലൻഡിനു വേണ്ടിയുള്ള പോരാട്ടത്തിൽ ബാഴ്സലോണക്ക് ഒരു ഭീഷണി ഒഴിവാകും. സ്പെയിനെയാണ് ഹാലാൻഡ് കൂടുതൽ പരിഗണിക്കുന്നതെന്നത് ബാഴ്സലോണക്ക് സാധ്യതയും നൽകുന്ന കാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.