രണ്ടു താരങ്ങളെ സ്വന്തമാക്കിയതു സ്ഥിരീകരിച്ച് ബാഴ്‌സലോണ

Laporta Confirms Kessie, Christiansen Signings
Laporta Confirms Kessie, Christiansen Signings / AFP7/GettyImages
facebooktwitterreddit

ബാഴ്‌സലോണ രണ്ടു താരങ്ങളെ സ്വന്തമാക്കിയ വിവരം സ്ഥിരീകരിച്ച് ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട. ഫ്രീ ഏജന്റായി എസി മിലാൻ മധ്യനിരതാരം ഫ്രാങ്ക് കെസീ, ചെൽസി പ്രതിരോധ താരം ആന്ദ്രെസ് ക്രിസ്റ്റൻസെൻ എന്നിവരെയാണ് ബാഴ്‌സലോണ അടുത്ത സീസണിലേക്കു വേണ്ട ഒരുക്കങ്ങളുടെ ഭാഗമായി ടീമിലെത്തിച്ചത്.

എസി മിലാനിൽ അഞ്ചു സീസണുകൾ കളിച്ച ഫ്രാങ്ക് കെസീ കഴിഞ്ഞ സീസണിൽ അവർക്ക് നിരവധി വർഷങ്ങൾക്കു ശേഷം സീരി എ കിരീടം സ്വന്തമാക്കി നൽകിയതിനു പുറകെയാണ് ക്ലബ് വിട്ടത്. ഇറ്റാലിയൻ ലീഗിൽ മുപ്പത്തിയൊന്നു മത്സരങ്ങൾ കളിച്ച താരം ആറു ഗോളുകളും നേടിയിരുന്നു.

അതേസമയം 2012ൽ അക്കാദമി താരമായി തുടങ്ങി പിന്നീട് സീനിയർ ടീമിൽ ഇടം നേടിയ ക്രിസ്റ്റൻസെൻ പത്തു വർഷങ്ങൾക്കു ശേഷമാണ് ക്ലബ് വിടുന്നത്. അതിനിടയിൽ രണ്ടു വർഷം ജർമൻ ക്ലബായ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാഷിൽ ലോണിൽ കളിച്ച താരം അവസാന വർഷങ്ങളിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കി നൽകാൻ നിർണായക പങ്കു വഹിച്ചു.

ഫ്രാങ്ക് കെസീയെ ബുധനാഴ്‌ചയും ആന്ദ്രെസ് ക്രിസ്റ്റൻസനെ വ്യാഴാഴ്‌ചയും ബാഴ്‌സലോണ താരങ്ങളായി അനാവരണം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ലപോർട്ട പറഞ്ഞത്. ഈ താരങ്ങളുമായി ബാഴ്‌സലോണ നേരത്തെ തന്നെ കരാറിൽ എത്തിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം അവരെ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ കരാറുകൾ ഏർപ്പെട്ടതോടെ ബാഴ്‌സലോണയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ അയഞ്ഞിട്ടുണ്ട്.

ബയേൺ മ്യൂണിക്ക് താരമായ റോബർട്ട് ലെവൻഡോസ്‌കിയുടെ ട്രാൻസ്‌ഫറിനെ കുറിച്ചും ലപോർട്ട പറഞ്ഞു. നിലവിൽ ബയേൺ താരമായതിനാൽ അതേക്കുറിച്ച് ഒന്നും പ്രതികരിക്കാൻ ഇല്ലെന്നും താരത്തിന് ബാഴ്‌സലോണയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നതിൽ സന്തോഷമുണ്ടെന്നുമാണ് ലപോർട്ട പ്രതികരിച്ചത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.