നെയ്മറെ ടീമിലെത്തിക്കാൻ ഇക്കുറി ബാഴ്സ ശ്രമിച്ചിരുന്നു, അദ്ദേഹത്തെ സ്വന്തമാക്കാതിരുന്നത് നല്ല കാര്യമെന്നും ലപ്പോർട്ട

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്നതായി ക്ലബ്ബ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ ആർഎസി 1 നോട് സംസാരിക്കവെയായിരുന്നു പി എസ് ജിയിൽ നിന്ന് നെയ്മറെ തിരികെയെത്തിക്കുന്നതിനായുള്ള നീക്കം നടത്തുന്നതിനെക്കുറിച്ച് ബാഴ്സലോണ ഇക്കുറി ആലോച്ചിരുന്നതായി ജോവൻ ലപ്പോർട്ട വെളിപ്പെടുത്തിയത്.
2017 ൽ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലേക്ക് ചേക്കേറിയ നെയ്മർ, മുൻ വർഷങ്ങളിലേയും ട്രാൻസ്ഫർ ജാലകങ്ങളിൽ ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇക്കഴിഞ്ഞ സമ്മറിലും അത്തരത്തിൽ റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ ഇക്കുറി നെയ്മറിനായി ബാഴ്സലോണ 'ശരിക്കും' രംഗത്തുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ലപ്പോർട്ടയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ സമ്മറിൽ നെയ്മറെ സ്വന്തമാക്കാനുള്ള കണക്കുകളെക്കുറിച്ച് വ്യക്തമായപ്പോൾ, അദ്ദേഹത്തിനായി നീക്കം നടത്താൻ കഴിയുമെന്ന് തങ്ങൾ കരുതിയതായി ലപ്പോർട്ട പറയുന്നു. താരത്തെ സ്വന്തമാക്കാൻ ആവശ്യമായ പരിശ്രമം തങ്ങൾ നടത്തിയിട്ടില്ലെന്ന് ഇതിനൊപ്പം ചൂണ്ടിക്കാട്ടിയ ലപ്പോർട്ട ക്ലബ്ബിലേക്ക് വരാൻ നെയ്മറിനും ആഗ്രഹമുണ്ടായിരുന്നുവെന്ന് ഇതിനൊപ്പം കൂട്ടിച്ചേർത്തു.
The Catalans believed they could sign him this past summer. ?https://t.co/Prr7XiZx4V
— MARCA in English (@MARCAinENGLISH) October 8, 2021
"ഇത് ഫുട്ബോളാണ്. മികച്ച ഓഫർ നൽകുന്നത് ആരോ അവർ വിജയിക്കും. അദ്ദേഹത്തെ സൈൻ ചെയ്യാത്തത് ഒരു നല്ല കാര്യമാണ്, അത് ക്ലബ്ബിനെ സഹായിക്കില്ല. നെയ്മറിന് ധാരാളം വരുമാനമുണ്ടാക്കാൻ കഴിയുമായിരുന്നു. എന്നാൽ അദ്ദേഹത്തെ സൈൻ ചെയ്യാതിരുന്നത് നല്ല കാര്യമാണ്." ലപ്പോർട്ട പറഞ്ഞു നിർത്തി.
അതേ സമയം ബാഴ്സലോണക്കായി ഉജ്ജ്വല ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു 2017 ൽ നെയ്മർ ക്ലബ്ബ് വിട്ടത്. കറ്റാലൻ ക്ലബ്ബിനായി കളിച്ച 186 മത്സരങ്ങളിൽ 105 ഗോളുകളും, 76 അസിസ്റ്റുകളും സ്വന്തമാക്കിയ നെയ്മറിന് പി എസ് ജിക്കൊപ്പവും മികച്ച റെക്കോർഡാണുള്ളത്. നിലവിൽ 2025 വരെയാണ് താരത്തിന് പി എസ് ജിയുമായി കരാറുള്ളത്.