മെസിയെ തിരിച്ചെത്തിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട


ലയണൽ മെസിയെ ബാഴ്സലോണയിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളഞ്ഞ് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. മെസി ബാഴ്സലോണ വിട്ടത് തനിക്ക് വ്യക്തിപരമായും കുടുംബപരമായും പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നു പറഞ്ഞ അദ്ദേഹം പുതിയൊരു ടീമിനെ പടുത്തുയർത്താനുള്ള ശ്രമത്തിലാണ് കാറ്റലൻ ക്ലബെന്നും വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധികൾ മൂലം കരാർ പുതുക്കാൻ കഴിയാത്ത സാഹചര്യം നേരിട്ടതിനെ തുടർന്നാണ് കഴിഞ്ഞ സമ്മറിൽ മെസി ബാഴ്സലോണ വിട്ടു ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലെത്തിയത്. എന്നാൽ അവിടെ തന്റെ കഴിവു പൂർണമായും പുറത്തെടുക്കാൻ കഴിയാതിരുന്ന താരം സമ്മറിൽ ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനു ആർഎസി വണിനു മറുപടി നൽകുകയായിരുന്നു ലപോർട്ട.
Barcelona president Joan Laporta tells @rac1: “I’ve received no message from Messi or his agents over a possibility of returning back to Barcelona”. ?? #FCB @ReshadRahman_
— Fabrizio Romano (@FabrizioRomano) March 28, 2022
“As of today, we are not going to be raising this issue”, Laporta added. pic.twitter.com/R3ss3uI53O
"മെസിയിൽ നിന്നോ താരത്തിന്റെ ക്യാമ്പിൽ നിന്നോ ബാഴ്സലോണയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ഒരു സന്ദേശവും എനിക്ക് ലഭിച്ചില്ല. ഇക്കാര്യം ഞങ്ങളിപ്പോൾ ഉയർത്താനും പോകുന്നില്ല. മെസി ഇവിടം വിടുന്നതിനു മുൻപുണ്ടായിരുന്ന പോലെയുള്ള ആശയവിനിമയം ഇപ്പോൾ ഞങ്ങൾ തമ്മിലില്ല. താരം ഇവിടം വിട്ടത് സ്പോർട്ടിങ് തലത്തിൽ മാത്രമല്ല, വ്യക്തിപരമായും കുടുംബപരമായും എനിക്ക് മോശമായ അനുഭവം നൽകി."
"മെസിയുടെ തിരിച്ചു വരവ് ഞങ്ങളുടെ പരിഗണനയിലില്ല. യുവതാരങ്ങളെയും പരിചയസമ്പന്നരായ താരങ്ങളെയും വെച്ച് ഞങ്ങൾ പുതിയൊരു ടീമിനെ നിർമിക്കുകയാണ്. അതു നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. താരത്തെ വിട്ടുകൊടുക്കൽ എളുപ്പമായിരുന്നില്ല, എന്നാൽ അത് സംഭവിച്ചത് ഞാൻ ക്ലബിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ചിന്തിച്ചതു കൊണ്ടാണ്. അതിനെ കൂടുതൽ അപകടത്തിലാക്കാൻ കഴിയില്ല. ഞങ്ങൾ ചെയ്യേണ്ടതാണ് ചെയ്തത്" ലപോർട്ട പറഞ്ഞു.
ബാഴ്സലോണയിൽ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന മെസിക്കു പക്ഷെ പിഎസ്ജിയിൽ നിന്നും അതു ലഭിച്ചുവെന്നു പറയാൻ കഴിയില്ല. സീസണിൽ മോശം പ്രകടനം നടത്തുന്ന മെസിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ റയലിനോടുള്ള ചാമ്പ്യൻസ് ലീഗ് തോൽവിയോടെ രൂക്ഷമാവുകയും താരത്തെ ഒരു മത്സരത്തിനിടെ ആരാധകർ കൂക്കി വിളിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.