Transfers

ലെവൻഡോസ്‌കിയെ നേരിട്ടു വിളിച്ച് ക്ഷമയോടെ തുടരാൻ ആവശ്യപ്പെട്ട് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട

Sreejith N
Laporta Called Lewandowski To Ask For Patience
Laporta Called Lewandowski To Ask For Patience / Eurasia Sport Images/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയെ നേരിട്ടു വിളിച്ച് ട്രാൻസ്‌ഫർ നീക്കങ്ങളുടെ കാര്യത്തിൽ ക്ഷമയോടെ തുടരാൻ ആവശ്യപ്പെട്ട് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട. ബയേൺ മ്യൂണിക്ക് വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന താരത്തിന്റെ ട്രാൻസ്‌ഫർ ഇതുവരെയും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ലപോർട്ട താരത്തെ നേരിട്ടു വിളിച്ചത്.

ബയേൺ മ്യൂണിക്കുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന റോബർട്ട് ലെവൻഡോസ്‌കി ക്ലബ് വിടണമെന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തനിക്ക് ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ താരത്തെ വിട്ടുകൊടുക്കാൻ വിമുഖത കാണിക്കുന്ന ബയേൺ മ്യൂണിക്ക് ബാഴ്‌സലോണ നൽകിയ ഓഫറുകളെല്ലാം നിലവിൽ തള്ളിയിരിക്കയാണ്.

നിലവിൽ മുന്നോട്ടു വെച്ച ഓഫറുകളൊന്നും ബയേൺ മ്യൂണിക്ക് സ്വീകരിച്ചില്ലെങ്കിലും താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ബാഴ്‌സലോണ ശാന്തരായി തുടരുകയാണെന്ന് സ്പോർട്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങൾ പരുങ്ങലിൽ തന്നെ തുടരുകയാണെങ്കിലും അതിനെ മറികടന്ന് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാൻ കഴിയുമെന്നാണ് ലപോർട്ട അടക്കമുള്ളവർ ഉറച്ചു വിശ്വസിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ലപോർട്ട ലെവൻഡോസ്‌കിയെയും താരത്തിന്റെ ഏജന്റായ പിനി സഹാവിയെയും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ക്ഷമയോടെ തുടരാൻ ആവശ്യപ്പെട്ട അദ്ദേഹം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയുടെ പ്രധാന ലക്ഷ്യമായ താരത്തെ എന്തായാലും ടീമിലെത്തിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്.

ലപോർട്ടയോട് ലെവൻഡോസ്‌കി ഒരേയൊരു അഭ്യർത്ഥന മാത്രമേ നടത്തിയുള്ളൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബയേൺ മ്യൂണിക്കിനൊപ്പം പ്രീ സീസൺ തുടങ്ങുന്നത് ജൂലൈ 12നു ആയതിനാൽ അതിനു മുൻപ് ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നാണ് താരം ആവശ്യപ്പെട്ടത്. ട്രാൻസ്‌ഫർ നടപ്പിൽ വരുത്തുന്നതിനു വേണ്ടി ലെവൻഡോസ്‌കി ചെലുത്തുന്ന സമ്മർദ്ദത്തെ ലപോർട്ട അഭിനന്ദിക്കുകയും ചെയ്‌തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit