എംബാപ്പെ കരാർ പുതുക്കിയതിനു പിന്നാലെ പിഎസ്ജിക്കെതിരെ നിയമനടപടിയുമായി ലാ ലിഗ


റയൽ മാഡ്രിഡിലേക്ക് വരുമെന്നുറപ്പിച്ച കിലിയൻ എംബാപ്പെ പിഎസ്ജിയുമായി കരാർ പുതുക്കിയതിൽ അതൃപ്തരായ ലാ ലിഗ നേതൃത്വം ഫ്രഞ്ച് ക്ലബിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. പിഎസ്ജി യൂറോപ്യൻ ഫുട്ബോളിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു എന്നാണ് എംബാപ്പെ അവരുമായി കരാർ പുതുക്കിയതിനു പിന്നാലെ ലാ ലിഗ ആരോപിച്ചത്.
റയൽ മാഡ്രിഡിലേക്കു തന്നെയെന്ന് ഏവരും ഉറപ്പിച്ച സമയത്താണ് അവസാന നിമിഷത്തിൽ എംബാപ്പെ പിൻവാങ്ങുന്നതും പിഎസ്ജിയുമായി കരാർ പുതുക്കുന്നതും. വമ്പൻ വാഗ്ദാനങ്ങൾ ഇതിനായി പിഎസ്ജി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ പ്രതികരിച്ച ലാ ലിഗ സൂപ്പർലീഗ് പദ്ധതി പോലെത്തന്നെ അപകടമാണ് പിഎസ്ജി പോലെയുള്ള ക്ലബുകളെന്നും അഭിപ്രായപ്പെട്ടു.
Official statement: La Liga announce they have now reported Paris Saint-Germain to UEFA because of Kylian Mbappé deal. ? #Mbappé
— Fabrizio Romano (@FabrizioRomano) May 21, 2022
“This is a scandal. We will now report PSG to Uefa, French autorities and EU authorities”. ⤵️? pic.twitter.com/ZFFtZN4eTl
യൂറോപ്യൻ ഫുട്ബോളിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഇതു പോലെയുള്ള കരാറുകൾ ആക്രമിക്കുകയാണെന്നും ആയിരങ്ങളുടെ ജോലിയും ഫുട്ബോളിന്റെ ആധികാരികതയും ഇത് നഷ്ടപ്പെടുത്തുന്നുവെന്നും അവർ പ്രസ്താവനയിൽ പറയുന്നു. യൂറോപ്യൻ ഫുട്ബോളിനെ മാത്രമല്ല, ആഭ്യന്തര ഫുട്ബോളിനെയും ഇത് ബാധിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി എഴുനൂറു മില്യൺ യൂറോയോളം നഷ്ടം നേരിടുകയും 650 മില്യൺ യൂറോയുടെ സ്ക്വാഡുമുള്ള പിഎസ്ജി ഇതുപോലെയൊരു കരാർ നൽകിയതിൽ അഴിമതി ഉണ്ടെന്നും ലാ ലിഗയുടെ പ്രസ്താവനയിൽ ആരോപിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി യുവേഫക്കും ഫ്രാൻസിലെ അധികാരികൾക്കും യൂറോപ്യൻ യൂണിയനും പരാതി നൽകുമെന്നും അവർ അറിയിക്കുന്നു.
നേരത്തെ തന്നെ പിഎസ്ജിക്കെതിരെ പരാതി നൽകിയതിൽ യുവേഫ നടപടി എടുത്തെന്നും എന്നാൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട്ട് അത് നീക്കം ചെയ്തതും ലാ ലിഗ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലൈഫി യുവേഫയടക്കമുള്ള ഫുട്ബോളിലെ ഉന്നത കമ്മിറ്റിയിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ടെന്നും അത് സൂപ്പർലീഗ് പോലെത്തന്നെ അപകടം നിറഞ്ഞതാണെന്നും അവർ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.