Football in Malayalam

ഗ്രീസ്മൻ-സൗൾ കൈമാറ്റക്കരാർ അന്വേഷിക്കാനൊരുങ്ങി ലാലീഗ; അക്കൗണ്ടിംഗ് തന്ത്രങ്ങൾ നടക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും

Gokul Manthara
Atletico Madrid vs Valladolid: La Liga
Atletico Madrid vs Valladolid: La Liga / Anadolu Agency/Getty Images
facebooktwitterreddit

അന്റോയിൻ ഗ്രീസ്മൻ-സൗൾ നിഗ്വസ് കൈമാറ്റക്കരാറിന് ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തയ്യാറെടുക്കുന്നുവെന്ന വാർത്ത ഫുട്ബോൾ പ്രേമികൾക്ക് വലിയ അത്ഭുതമാണ് സമ്മാനിച്ചത്. തങ്ങളുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബാഴ്സലോണ ഇത്തരമൊരു സ്വാപ്പ് ഡീലിന് ശ്രമിക്കുന്നതെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതിനിടെ ഇപ്പോളിതാ അന്റോയിൻ ഗ്രീസ്മാൻ-സൗൾ നിഗ്വസ് സ്വാപ് ഡീലിനെക്കുറിച്ച് അന്വേഷണം നടത്താൻ ലാലീഗ തയ്യാറെടുക്കുന്നുവെന്നും സൂചനകൾ പുറത്ത് വന്നിരിക്കുന്നു.

ഗ്രീസ്മാൻ-സൗൾ കൈമാറ്റക്കരാറിന്റെ കൃത്യമായ മൂല്യനിർണയം അറിയാൻ ലാലീഗ താല്പര്യപ്പെടുന്നുണ്ടെന്നും ഈ ഇടപാടിൽ ക്ലബ്ബുകൾ ഒരു തരത്തിലുമുള്ള അക്കൗണ്ടിംഗ് തന്ത്രങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നതിന് അവർ ഈ ഡീൽ സസൂക്ഷ്മം നിരീക്ഷിക്കാൻ ഒരുങ്ങുന്നുണ്ടെന്നുമാണ് സൂചന. സ്പാനിഷ് മാധ്യമങ്ങളായ റേഡിയോ മാർക്കയും, എൽ പർടിഡാസോ ഡി കോപ്പും ചേർന്നാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 2019 ൽ ബാഴ്സലോണ വൻ തുകക്ക് ടീമിലെത്തിച്ച ഗ്രീസ്മനെ 72 മില്ല്യൺ യൂറോയിൽ കുറഞ്ഞ തുകക്കാണ് ബാഴ്സലോണ വിൽക്കുന്നതെങ്കിൽ അവർക്ക് വൻ നഷ്ടം സംഭവിക്കുമെന്നും എൽ പാർടിഡാസോ ഇതിനൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.

സൂപ്പർ താരം ലയണൽ മെസിയെ പുതിയ കരാർ നൽകി ടീമിൽ നിലനിർത്താനും, ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ കളികാരെ രജിസ്റ്റർ ചെയ്യാനും നിലവിലെ വേതനബിൽ ബാഴ്സലോണക്ക് കുറക്കേണ്ടതുണ്ട്. പ്രധാനമായും ഇതിന് വേണ്ടിയാണ് ക്ലബ്ബിൽ ഏറ്റവുമധികം വേതനം ലഭിക്കുന്ന താരങ്ങളിൽ ഒരാളായ ഗ്രീസ്മനെ ബാഴ്സലോണ ഒഴിവാക്കാനൊരുങ്ങുന്നത്.

അതേ സമയം അന്റോയിൻ ഗ്രീസ്മാനെ മാത്രം ഒഴിവാക്കിയാലും, ക്ലബ്ബിന്റെ വേതന ബിൽ പുതിയ താരങ്ങളെയെത്തിക്കാൻ പാകത്തിൽ കുറക്കാൻ ബാഴ്സലോണക്ക് കഴിയില്ലെന്നാണ് കരുതപ്പെടുന്നത്. മറിച്ച് ഇതിനായി വരും ആഴ്ചകളിൽ കൂടുതൽ താരങ്ങളെ അവർക്ക് വിൽക്കേണ്ടി വരും. അല്ലാത്ത പക്ഷം ലയണൽ മെസിയുടെ പുതിയ കരാർ തടയാൻ വീണ്ടും ലാലീഗ ഇടപെട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit