Football in Malayalam

സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ലാ ലിഗ, മെസിയെ രജിസ്റ്റർ ചെയ്യുന്നതിൽ നിർണായകമാകും

Sreejith N
FBL-ESP-LIGA-AWARD
FBL-ESP-LIGA-AWARD / LLUIS GENE/Getty Images
facebooktwitterreddit

സ്വകാര്യ ഓഹരികമ്പനിയായ സിവിസി ക്യാപിറ്റൽ പാർട്ണെഴ്‌സിനു തങ്ങളുടെ പത്ത് ശതമാനം ബിസിനസ് നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ച് ലാ ലിഗ. ലീഗിന്റെ ദീർഘകാല വളർച്ചക്കു വേണ്ടിയാണ് 2.7 ബില്യൺ യൂറോക്ക് പത്തു ശതമാനം ബിസിനസ് നൽകാൻ സ്പെയിനിലെ പ്രധാന ലീഗായ ലാ ലിഗ തീരുമാനിച്ചത്. ലയണൽ മെസിയെ വീണ്ടും രജിസ്റ്റർ ചെയ്യുന്നതിൽ പ്രതിസന്ധി നേരിടുന്ന ബാഴ്‌സയെ സഹായിക്കുന്നതു കൂടിയാണ് ഈ നീക്കം.

യൂറോപ്പിലെ ഒരു പ്രധാന ലീഗിൽ ആദ്യമായി സംഭവിക്കുന്ന ഇത്തരമൊരു കരാറിനെപ്പറ്റി ഇന്നാണ് ലാ ലിഗ നേതൃത്വം പ്രസ്‌താവന ഇറക്കിയത്. കോവിഡ് മഹാമാരി മൂലം കാണികൾക്കു വിലക്കേർപ്പെടുത്തിയതു കൊണ്ട് സ്റ്റേഡിയം വരുമാനം നിലച്ചതിന്റെ ഭാഗമായി പ്രതിസന്ധിയിലായ സ്‌പാനിഷ്‌ ലീഗ് ക്ലബുകളെ സഹായിക്കുന്നതിനു വേണ്ടിയാണ് ലാ ലിഗ ഈ തീരുമാനം നടപ്പിലാക്കിയത്.

ലാ ലിഗ ബിസിനസിന്റെ പത്തു ശതമാനം നേടുന്നതിനു വേണ്ടി സിവിസി നൽകുന്ന തുകയുടെ തൊണ്ണൂറു ശതമാനവും ചിലവഴിക്കുന്നത് ക്ലബുകളിലൂടെയാണ്. മുൻനിര ക്ലബുകൾക്ക് മാത്രമല്ല, ലീഗിന്റെ വിവിധ ഡിവിഷനുകളിൽ കളിക്കുന്ന എല്ലാ ക്ലബുകൾക്കും ഇതിന്റെ ഗുണം ലഭിക്കുകയും പുതിയ താരങ്ങളെ സ്വന്തമാക്കാൻ അവസരം നൽകുകയും ചെയ്യും.

മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഈ ഡീലിന്റെ ഭാഗമായി 250 മില്യൺ യൂറോയുടെ സാമ്പത്തിക ഉത്തേജനമാണ് ബാഴ്‌സലോണക്ക് മാത്രം ലഭിക്കുക. ഇതോടെ മെസിക്ക് പുതിയ കരാർ നൽകാനും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിച്ച സെർജിയോ അഗ്യൂറോ, മെംഫിസ് ഡീപേയ്, എറിക് ഗാർസിയ, എമേഴ്‌സൺ റോയൽ എന്നിവരെ ടീമിനൊപ്പം രജിസ്റ്റർ ചെയ്യാനും ബാഴ്‌സലോണക്ക് എളുപ്പമാകും.

അതേസമയം ലാ ലിഗയുടെ ബിസിനസിന്റെ പത്തു ശതമാനം സിവിസി നേടുമെങ്കിലും അതു പൂർണമായ വിൽപ്പനയല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവിൽ ലാ ലിഗ നേരിടുന്ന അതെ ബിസിനസ് റിസ്‌ക് അവരും നേരിടേണ്ടി വരും. എന്നാൽ ആഗോളതലത്തിൽ സ്‌പാനിഷ്‌ ലീഗിന്റെ ജനപ്രീതി വർധിപ്പിക്കുന്നതടക്കമുള്ള നേട്ടങ്ങൾ ഇതുകൊണ്ടുണ്ടാകും എന്നാണു ലാ ലിഗ നേതൃത്വം പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit