Football in Malayalam

മെസിയെ ബാഴ്‌സയിൽ നിലനിർത്താൻ സഹായവുമായി ലാ ലിഗ ക്ലബുകളുടെ നേതൃത്വം

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

അടുത്ത സീസണിലേക്ക് ലയണൽ മെസിയെ ടീമിൽ നിലനിർത്തുകയെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയായി തുടരുകയാണ്. കോവിഡ് മഹാമാരി തിരിച്ചടി നൽകിയ ക്ലബിന്റെ വേതന ബിൽ കുറക്കാതെ കരാർ അവസാനിച്ച മെസിയെ വീണ്ടും ടീമിലുൾപ്പെടുത്താൻ കഴിയില്ലെന്ന് ലാ ലിഗ നേതൃത്വം വ്യക്തമാക്കിയതോടെ നിലവിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കി വേതനബിൽ കുറക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ബാഴ്‌സലോണ.

അതിനിടയിൽ മെസിയെ സ്‌പാനിഷ്‌ ലീഗിൽ നിലനിർത്തുന്നതിനു വേണ്ടി ബാഴ്‌സയെ സഹായിക്കാൻ മറ്റു ലാ ലിഗ ക്ലബുകളുടെ മേധാവികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രമുഖ ജേർണലിസ്റ്റായ റോബർട്ടോ ഗോമസ് എൽ ട്രാൻസിസ്റ്ററിനോടു പുറത്തുവിട്ടതു പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിയുടെ സാന്നിധ്യം ലാ ലിഗക്ക് അത്യാവശ്യമാണെന്നു ക്ലബുകളുടെ പ്രസിഡന്റുമാർ കരുതുന്നതു കൊണ്ടാണ് ബാഴ്‌സയെ സഹായിക്കാൻ അവർ രംഗത്തു വന്നിരിക്കുന്നത്.

"സ്‌പാനിഷ്‌ ഫുട്ബോളിലെ പ്രധാനപ്പെട്ട പല പ്രസിഡന്റുമാരും മെസിയുടെ കോൺട്രാക്‌ട് പുതുക്കാൻ ബാഴ്‌സയെ സഹായിക്കാനും അദ്ദേഹത്തെ ലാ ലീഗയിൽ നിലനിർത്താനും പണം സംഭാവന ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇതു ബാഴ്‌സലോണക്കും സ്‌പാനിഷ്‌ ലീഗിനും ഗുണം ചെയ്യുമെന്നും അവർ കരുതുന്നു." റോബർട്ടോ ഗോമസ് എൽ ട്രാന്സിസ്റ്ററിനോട് പറഞ്ഞു.

വിവിധ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ കരാർ അവസാനിച്ചതു മൂലം മെസിക്ക് ഒരു ദിവസം മാത്രം ഒരു ലക്ഷം യൂറോയാണ് പ്രതിഫലമെന്ന തരത്തിൽ നഷ്ടപ്പെടുന്നത്. ബാഴ്‌സയിൽ തുടരാൻ വേണ്ടി തന്റെ പഴയ പ്രതിഫലത്തിന്റെ പകുതി വെട്ടിക്കുറക്കാൻ മെസി സമ്മതം മൂളിയിട്ടുണ്ടെങ്കിലും താരത്തിന് പുതിയ കരാർ നൽകാനുള്ള സാഹചര്യം എന്നാൽ പോലും ടീമിന് ഇപ്പോഴില്ല.

അതേസമയം മെസിയുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പ്രതിസന്ധി ജൂലൈ മാസത്തോടെ അവസാനിക്കുമെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്. കോപ്പ അമേരിക്ക ടൂർണമെന്റ് അവസാനിച്ചതോടെ ഇക്കാര്യത്തിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്ന് ബാഴ്‌സലോണയും മെസി ആരാധകരും ഉറച്ചു വിശ്വസിക്കുന്നു.

facebooktwitterreddit