ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ ബാഴ്‌സക്ക് കഴിയില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്

Javier Tebas Claims Barca Cannot Afford Lewandowski Transfer
Javier Tebas Claims Barca Cannot Afford Lewandowski Transfer / Stuart Franklin/GettyImages
facebooktwitterreddit

വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. പോളണ്ട് താരത്തെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി ബാഴ്‌സലോണക്കിപ്പോൾ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഒരുപാട് പ്രതിസന്ധികളുടെ ഇടയിലും ഈ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ബാഴ്‌സലോണ അടുത്ത സീസണിൽ ടീമിനെ മെച്ചപ്പെടുത്താൻ നോട്ടമിടുന്ന പ്രധാന താരങ്ങളിൽ ഒരാൾ ലെവൻഡോസ്‌കിയാണ്. അടുത്ത സീസണോടെ ബയേൺ മ്യൂണിക്ക് കരാർ അവസാനിക്കുന്ന താരം ക്ലബ് വിടാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ബാഴ്‌സയും ലെവൻഡോസ്‌കിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി ബയേൺ മ്യൂണിക്കുമായി കൂടി ട്രാൻസ്‌ഫർ ധാരണയിൽ എത്താനുണ്ട്. അതിനിടയിലാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സക്കു കഴിയില്ലെന്ന് ടെബാസ് വ്യക്തമാക്കിയത്.

"കണക്കുകൾ വളരെ എളുപ്പമാണ്. നിങ്ങൾക്ക് രണ്ടു വർഷത്തിന്റെ ഇടയിൽ ഏതാണ്ട് 500 മില്ല്യൺ യൂറോയോളം നഷ്‌ടം സംഭവിച്ചു. അതിനെ മറികടന്നാലേ നിങ്ങൾക്ക് താരങ്ങളെ സ്വന്തമാക്കാൻ കഴിയൂ. ലെവൻഡോസ്‌കിക്ക് ഒരു വർഷം കൂടി ബയേൺ കരാറിൽ ബാക്കിയുണ്ട്. താരത്തിന് ആവശ്യമുള്ള പ്രതിഫലവും ബയേണിന് ആവശ്യമുള്ള ഫീസും നോക്കുമ്പോൾ ലെവൻഡോസ്‌കി ബാഴ്‌സയിൽ എത്തുമെന്ന് ഞാൻ കരുതുന്നില്ല." ടെബാസ് പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

അതേസമയം താരങ്ങളെ വിൽക്കുന്നതിലൂടെയും പുതിയ നിക്ഷേപ കരാർ ഒപ്പു വെക്കുന്നതിലൂടെയും നിലവിലെ പ്രതിസന്ധിയെ മറികടക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നുണ്ട്. ഫ്രാങ്കീ ഡി ജോംഗ് അടക്കമുള്ള താരങ്ങളെ ബാഴ്‌സ വിൽക്കാൻ പരിഗണിക്കുന്നത് ക്ലബിലെ പ്രതിസന്ധികളെ മറികടക്കാൻ വേണ്ടിയാണ്. സിവിസി കരാർ യാഥാർഥ്യമായാൽ താരങ്ങളെ വിൽക്കാതെ തന്നെ ബാഴ്‌സക്ക് ഈ സാഹചര്യം മറികടക്കാൻ കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.