La Liga

അത്ലറ്റികോ മാഡ്രിഡിന് തോൽവി, ലാ ലിഗ കിരീടത്തിനായി ഇഞ്ചോടിഞ്ചു പോരാട്ടം

Sreejith N
Athletic Club v Atletico de Madrid - La Liga Santander
Athletic Club v Atletico de Madrid - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ അത്ലറ്റിക് ക്ലബിനെതിരെ അത്ലറ്റികോ മാഡ്രിഡ് തോൽവി വഴങ്ങിയതോടെ ലീഗ് കിരീടം നേടാനുള്ള ബാഴ്‌സലോണയുടെ സാധ്യതകൾ ഒന്നുകൂടി വർധിച്ചതിനു പുറമെ ലാ ലിഗ കിരീടപ്പോരാട്ടം അത്യധികം ആവേശത്തിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ലീഗിൽ ഇപ്പോഴും ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്ന അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്‌ലറ്റിക് ക്ലബിനോട് തോൽവിയേറ്റു വാങ്ങിയത്.

ഈയാഴ്ച നടന്ന മത്സരങ്ങളിൽ ലീഗ് ടേബിളിൽ മുന്നിൽ നിൽക്കുന്ന ടീമുകളായ അത്ലറ്റികോയും റയൽ മാഡ്രിഡും പോയിന്റുകൾ നഷ്ടപ്പെടുത്തിയപ്പോൾ വിയ്യാറയലിനെതിരായ നിർണായകമായ മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചു വന്നാണ് ബാഴ്‌സലോണ 1-2ന്റെ വിജയം നേടിയത്. നിലവിൽ 33 മത്സരങ്ങൾ കളിച്ച അത്ലറ്റികോ മാഡ്രിഡിന് 73ഉം റയൽ മാഡ്രിഡിന് 71ഉം പോയിന്റാണുള്ളത്. എന്നാൽ ഈ ടീമുകളെക്കാൾ ഒരു മത്സരം കുറവു കളിച്ച് 71 പോയിന്റുള്ള ബാഴ്‌സക്ക് ഇവരെ മറികടക്കാൻ അവസരമുണ്ട്.

അത്‌ലറ്റിക് ക്ലബിനെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ തോൽവി ലീഗിന്റെ ഇതുവരെയുള്ള സമവാക്യങ്ങളെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്‌. ബാഴ്‌സയെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാൽ കിരീടം സ്വന്തമാക്കാനാവും. അതല്ലെങ്കിൽ ബാക്കി മത്സരങ്ങൾ വിജയിച്ച് അത്ലറ്റികോ മാഡ്രിഡിനെതിരെ സമനിലയെങ്കിലും നേടണം. എന്നാൽ അത്ലറ്റികോ മാഡ്രിഡിന് കിരീടം നേടണമെങ്കിൽ എല്ലാ മത്സരങ്ങളും വിജയിക്കുകയോ ബാഴ്‌സലോണ ഏതെങ്കിലും മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തുകയോ വേണം.

ബാഴ്‌സലോണയും അത്ലറ്റികോ മാഡ്രിഡും പോയിന്റുകൾ നഷ്ടപ്പെടുത്തിയാൽ മാത്രമേ റയൽ മാഡ്രിഡിന് കിരീടം നേടാനുള്ള സാധ്യതയുള്ളൂ. അതേസമയം ഈ മൂന്നു ക്ലബുകളെ വെല്ലുവിളിക്കാൻ തൊട്ടു പുറകിൽ സെവിയ്യയുമുണ്ട്. 33 മത്സരങ്ങളിൽ നിന്നും 70 പോയിന്റുമായി നാലാം സ്ഥാനത്തു നിൽക്കുന്ന സെവിയ്യ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ടീമുകൾ പോയിന്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്‌താൽ കിരീടം ലോപടൂയിക്കും സംഘത്തിനും സ്വന്തമാക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit