ബാഴ്സലോണയെ പിന്തുണച്ച് ലാ ലിഗ നേതൃത്വത്തിനെതിരെ ഫ്ലോറന്റീനോ പെരസ്, മറുപടിയുമായി ഹാവിയർ ടെബാസ്


ലെവൻഡോസ്കി ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ബാഴ്സലോണയെ പിന്തുണക്കുകയും ലാ ലിഗ നേതൃത്വത്തിനെതിരെ തിരിയുകയും ചെയ്ത റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനു മറുപടി നൽകി ലാ ലിഗ ചീഫ് ഹാവിയർ ടെബാസ്. ബാഴ്സലോണ പ്രസിഡന്റിനു മേൽ യാതൊരു തരത്തിലുള്ള സമ്മർദ്ദവും തങ്ങൾ ചെലുത്തുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എൽ ചിരിങ്കുയിറ്റൊ ടിവിയോട് സംസാരിക്കുന്ന സമയത്ത് സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്സലോണയ്ക്ക് ലെവൻഡോസ്കിയെ സ്വന്തമാക്കാൻ കഴിയുമോയെന്നും അതിനു ലാ ലിഗ നേതൃത്വം അനുവദിക്കുമോ എന്നെല്ലാം ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടി പറയുമ്പോഴാണ് ടെബാസ് ലാ ലിഗ നേതൃത്വത്തെ വിമർശിച്ചത്.
"അതെനിക്കറിയില്ല. ലാ ലീഗയിലുള്ളവർ ബാഴ്സലോണയുടെ സ്പോർട്ടിങ് ഡയറക്ടേഴ്സായിരിക്കണം. ചിലപ്പോൾ അവർ സൈൻ ചെയ്യാൻ കഴിയില്ലെന്നു പറയും, മറ്റു ചിലപ്പോൾ കുഴപ്പമില്ലെന്ന് പറയും. ബാഴ്സലോണ അവർക്കു തോന്നുന്നതു ചെയ്യട്ടെ. പക്ഷെ അവരെ നിബന്ധനകൾ കൊണ്ടു പൊതിയരുത്." പെരസ് പറഞ്ഞു.
ഹാവിയർ ടെബാസ് റയൽ മാഡ്രിഡിനെ പിന്തുണച്ചു നിൽക്കുന്ന വ്യക്തിയല്ലെന്നും പെരസ് വ്യക്തമാക്കി. ലാ ലിഗ നടപ്പിലാക്കാൻ ഒരുങ്ങുന്ന കരാറിനെതിരെ ഒരു കേസ് റയൽ മാഡ്രിഡ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ഓർമിപ്പിച്ച ഫ്ലോറന്റീനോ പെരസ് ആ കരാർ നിയമപരമായ ഒന്നല്ലെന്നും പറഞ്ഞു. ഗൗരവത്തോടെ മുന്നോട്ടു പോകുന്ന ക്ലബായ ബാഴ്സലോണ സിവിസി കരാർ ഒപ്പു വെക്കാൻ സാധ്യതയില്ലെന്നും പെരസ് പറഞ്ഞു.
അതേസമയം സിവിസി കരാർ ഒപ്പുവെക്കുന്നതിനു വേണ്ടി ബാഴ്സലോണക്കു മേൽ തങ്ങൾ യാതൊരു സമ്മർദ്ദവും ചെലുത്തുന്നില്ലെന്നാണ് പെരസിന്റെ വാക്കുകൾക്ക് ടെബാസ് മറുപടി നൽകിയത്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലപോർട്ട ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും ഫ്ലോറന്റീനോ പെരസിന്റെ വാക്കുകൾ തീരുമാനങ്ങൾ എടുക്കാനുള്ള മറ്റു ക്ലബ് പ്രസിഡന്റുമാരുടെ പ്രാപ്തിയെ ചോദ്യം ചെയ്യുന്നുവെന്നും ടെബാസ് പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.