പിഎസ്ജി കള്ളത്തരം കാണിക്കുന്നവർ, റയൽ മാഡ്രിഡും ബാഴ്സലോണയും തകർന്നു പോയിട്ടില്ലെന്ന് ലാ ലിഗ പ്രസിഡന്റ്


കോവിഡ് മഹാമാരി ഫുട്ബോളിലെ സാമ്പത്തിക സാഹചര്യങ്ങളെ തകിടം മറിച്ചിട്ടും വമ്പൻ തുകയുടെ വേതനബില്ലുമായി താരങ്ങളെ ടീമിലെത്തിക്കുക വഴി പിഎസ്ജി കള്ളത്തരമാണ് കാണിച്ചതെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. കോവിഡ് മഹാമാരിയുടെ സമയത്ത് ചിലവുകൾ വെട്ടിക്കുറച്ച റയലിനെ പ്രശംസിച്ച ടെബാസ് റയൽ മാഡ്രിഡും ബാഴ്സലോണയും സാമ്പത്തികമായി തകരുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും വ്യക്തമാക്കി.
"സ്പാനിഷ് ഫുട്ബോൾ തകർന്നു പോയിട്ടില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നിവരുടെ കാര്യവും അങ്ങിനെ തന്നെയാണ്. യൂറോപ്പിൽ ചുരുങ്ങിയത് എൺപതു ശതമാനം ക്ലബുകളും വളരെ മോശമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ട്." ഒരു ലാ ലീഗ് ഇവെന്റിനിടെ ടെബാസ് പറഞ്ഞു.
Strong words. ?https://t.co/CsHy5dJeXD
— MARCA in English (@MARCAinENGLISH) September 15, 2021
"റയൽ മാഡ്രിഡാണ് കോവിഡ് മഹാമാരിയെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്ത ക്ലബെന്നാണ് ഞാൻ കരുതുന്നത്. വേതന ബിൽ ലഘൂകരിക്കാൻ അത്രയും ഫലവത്തായ ശ്രമങ്ങളാണ് അവർ നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡിന് അവർക്ക് വേണ്ടതു ചെയ്യാനുള്ള കഴിവ് ഇപ്പോഴുണ്ട്."
റയൽ മാഡ്രിഡിന് ഒരിക്കലും പിഎസ്ജിയെപ്പോലെയാവാൻ കഴിയില്ല. കാരണം പിഎസ്ജി കള്ളത്തരം കാണിക്കുന്നവരാണ്. ഏതാണ്ട് അറുനൂറു മില്യൺ യൂറോയാണ് അവരുടെ വേതനബിൽ. അത് അസാധ്യമായ കാര്യമാണ്. റയൽ മാഡ്രിഡ് ഒരു സ്റ്റേറ്റ് ഉടമസ്ഥതയിൽ ഉള്ള ക്ലബല്ല എന്നതിനാൽ അവർക്കത് സാധ്യമായ കാര്യമല്ല." ടെബാസ് വ്യക്തമാക്കി.
ലാ ലിഗയിൽ കളിക്കുന്ന മൂന്നു ഇഷ്ടപ്പെട്ട താരങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ റയൽ, ബാഴ്സ, അത്ലറ്റികോ എന്നിവയിൽ നിന്നും ഓരോ കളിക്കാരെയാണ് ടെബാസ് തിരഞ്ഞെടുത്തത്. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ, ബാഴ്സലോണയുടെ അൻസുഫാറ്റി, അത്ലറ്റികോ മാഡ്രിഡിന്റെ മാർക്കോസ് ലോറന്റോ എന്നിവരാണ് ടെബാസിന്റെ പ്രിയപ്പെട്ട താരങ്ങൾ.