റൊണാൾഡോയും, മെസിയും പോയതിനാൽ ലാലീഗക്ക് എംബാപ്പെയെ ആവശ്യമുണ്ടെന്ന് റൗൾ ആൽബിയോൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും പോയതോടെ ലാലീഗക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു കൊണ്ടു വരാൻ കെയ്ലിൻ എംബാപ്പെയെപ്പോലൊരു താരത്തെ ലീഗിന് ആവശ്യമുണ്ടെന്ന് നിലവിൽ സെവിയ്യക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന മുൻ റയൽ മാഡ്രിഡ് താരം റൗൾ ആൽബിയോൾ. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെയെ ടീമിലെത്തിക്കാൻ ശ്രമിച്ച് അതിൽ റയൽ മാഡ്രിഡ് പരാജയപ്പെട്ടതിന് പിന്നാലെയാണ് എംബാപ്പെ ലാലീഗയിലെത്തണമെന്നും, അദ്ദേഹത്തെ സ്വന്തമാക്കേണ്ടത് തന്റെ മുൻ ടീമായ റയൽ മാഡ്രിഡിന് പ്രധാനമാണെന്നും ആൽബിയോൾ ചൂണ്ടിക്കാട്ടിയത്.
"ഞാൻ അദ്ദേഹത്തെ (എംബാപ്പെയെ) ലീഗിൽ കാണാൻ ആഗ്രഹിക്കുന്നു. അവൻ വളരെ മികച്ച കളികാരനാണ്, ലോകോത്തര താരമാണ്. ക്രിസ്റ്റ്യാനോയുടേയും മെസിയുടേയും വിടവാങ്ങലിന് ശേഷം സ്പാനിഷ് ലീഗിന് ഇത് പോലുള്ള കളികാരെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ഞാൻ കളിച്ചിട്ടുള്ള ടീമുകളിലൊന്നായ റയൽ മാഡ്രിഡിനും ഇത് (എംബാപ്പെയെ സ്വന്തമാക്കേണ്ടത്) പ്രധാനമാണ്." ആൽബിയോൾ പറഞ്ഞു നിർത്തി.
ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെയെ ടീമിലെത്തിക്കാൻ ഒന്നിലധികം ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. ട്രാൻസ്ഫർ ജാലകം അവസാനിച്ചു കഴിഞ്ഞതിനാൽ ഇക്കുറി താരത്തെ സ്വന്തമാക്കുക റയലിന് സാധ്യവുമല്ല. എന്നാൽ അടുത്ത സമ്മറിൽ ഫ്രീ ഏജന്റാവുന്നതോടെ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നുള്ള സൂചനകൾ ശക്തമാണ്.
അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമേ ഇപ്പോൾ ലയണൽ മെസിയും കൂടി പോയതോടെ ലാലീഗയുടെ പ്രൗഢി വളരെയധികം കുറഞ്ഞിട്ടുണ്ട്. 2018 ൽ ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയപ്പോളും മെസിയുടെ സാന്നിധ്യം ലീഗിനെ ശ്രദ്ധേയമാക്കി നിർത്തിയിരുന്നു. എന്നാൽ ഇക്കുറി മെസി ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിലേക്ക് ചേക്കേറിയത് ലീഗിന് മൊത്തത്തിൽ ക്ഷീണമാവുകയായിരുന്നു.