La Liga

ലയണൽ മെസിയുടെ വീട്ടിൽ ബാഴ്‌സലോണ താരങ്ങൾക്കായി നടന്ന വിരുന്നിനെക്കുറിച്ച് ലാ ലിഗ അന്വേഷണം ആരംഭിച്ചു

Sreejith N
Valencia CF v FC Barcelona - La Liga Santander
Valencia CF v FC Barcelona - La Liga Santander / Aitor Alcalde Colomer/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ വീട്ടിൽ വെച്ച് ഇന്നലെ ബാഴ്‌സലോണ താരങ്ങൾക്കായി നടന്ന വിരുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ കുറിച്ച് ലാ ലിഗ അന്വേഷണം ആരംഭിച്ചു. വലൻസിയക്കെതിരായ മത്സരത്തിലെ വിജയം ആഘോഷിക്കാനും അത്ലറ്റികോ മാഡ്രിഡിനെതിരെ വരാനിരിക്കുന്ന മത്സരത്തിൽ വിജയം നേടി ലാ ലിഗ കിരീടപ്പോരാട്ടത്തിൽ നിർണായക ചുവടു വെക്കാൻ ടീമംഗങ്ങളെ പ്രചോദിപ്പിക്കാനുമാണ് മെസി വിരുന്നു സംഘടിപ്പിച്ചത്.

വിരുന്നിനു ഫസ്റ്റ് ടീമിലെ എല്ലാ താരങ്ങൾക്കും പുറമെ ടീമിൽ സ്ഥിരമായി ഇടം പിടിക്കുന്ന ഓസ്‌കാർ മിൻഗുയെസ, ഇനാക്കി പെന, ഐലക്സ് മൊറീബ, അർണൗ ടെനസ്, കൊൺറാഡ് ലെ ഫുവിന്റെ, പെപെ കോസ്റ്റ എന്നിവർക്കൊപ്പം താരങ്ങളുടെ ചുമതലയുള്ള ഒരു സ്റ്റാഫും പങ്കെടുത്തിരുന്നു. ഇത്രയധികം പേർ ഒരു വീട്ടിൽ ഒരുമിച്ച് ഒത്തുകൂടിയതിനെ തുടർന്നാണ് കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പരാതിയുയർന്നത്.

സ്‌പാനിഷ്‌ ലീഗിൽ കളിക്കുന്ന താരങ്ങൾക്കായുള്ള കോവിഡ് ബയോ ബബിൾ ഈ വിരുന്നു മൂലം തകർക്കപ്പെട്ടുവെന്നു ലാ ലിഗ കരുതുന്നതായി സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നു. ലാ ലീഗയുടെ മാത്രമല്ല, കാറ്റലോണിയൻ ഗവണ്മെന്റ് ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതൽ നടപടികളും ഇതിന്റെ ഭാഗമായി പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കണ്ടുവെന്നും കൂടുതൽ അന്വേഷണം നടത്തിയതിനു ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കാറ്റലോണിയ ഗവണ്മെന്റിന്റെ പ്രതിനിധി വ്യക്തമാക്കി. കഴിഞ്ഞ വർഷം സെവിയ്യയുടെ നാലു താരങ്ങൾ സമാനമായ രീതിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുകയും തുടർന്ന് ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു.

facebooktwitterreddit