എംബാപ്പെ കരാർ പുതുക്കിയ സംഭവത്തിൽ പിഎസ്‌ജിക്കെതിരെ പരാതി നൽകി ലാ ലിഗ

PSG Files Complaint Against PSG Over Mbappe
PSG Files Complaint Against PSG Over Mbappe / Tim Clayton - Corbis/GettyImages
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ പിഎസ്‌ജി കരാർ പുതുക്കിയ സംഭവത്തിൽ ലാ ലിഗ യുവേഫക്ക് പരാതി നൽകി. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ തെറ്റിക്കുന്നുവെന്നതു ചൂണ്ടിക്കാട്ടിയാണ് ഇതു നൽകുന്നതെന്നും മുൻപ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും സമാനമായ പരാതി നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

ആഴ്‌ചകൾക്കു മുൻപാണ് കിലിയൻ എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയത്. റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഉറപ്പിച്ചിരുന്ന താരം അവസാനനിമിഷമാണ് കരാർ പുതുക്കാൻ തീരുമാനിച്ചത്. ഫ്രഞ്ച് താരത്തെ നിലനിർത്താൻ എത്ര തുകയാണ് പ്രതിഫലമായി പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തതെന്ന്‌ വ്യക്തമല്ലെങ്കിലും അതിൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ തെറ്റിച്ചുവെന്നാണ് ലാ ലിഗ നേതൃത്വം ആരോപിക്കുന്നത്.

താരങ്ങൾക്ക് വമ്പൻ തുകയുടെ കരാർ നൽകുന്ന ഈ പ്രവൃത്തി ഫുട്ബോൾ ലോകത്തിന്റെ സുസ്ഥിരതയും വ്യവസ്ഥയും തമാർക്കുന്ന ഒന്നാണെന്നും അത് യൂറോപ്യൻ ക്ലബുകൾ, ലീഗുകൾ എന്നിവയെ ബാധിക്കുമെന്നും സ്‌പാനിഷ്‌ ലീഗ് നൽകിയ പരാതിയിൽ പറയുന്നു. ഈ ക്ലബുകളിൽ ശരിയായ വഴിയിലൂടെ അല്ലാതെ നിക്ഷേപങ്ങൾ വരുന്നുണ്ടെന്നും ലാ ലിഗ പറയുന്നു.

പരാതിയിൽ ലാ ലിഗ ഇത്തരം ആരോപണങ്ങൾ നടത്തുന്നുണ്ട് എങ്കിലും അതിനെതിരെ കൃത്യമായ തെളിവുകളൊന്നും അവർ സമർപ്പിച്ചിട്ടില്ല. എന്നാൽ സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ് എന്നീ സ്ഥലങ്ങളിലെ ചില നിയമോപദേശകരെ ഇക്കാര്യത്തിൽ അവർ കൂട്ടു പിടിച്ചിട്ടുണ്ട്. ഇവർ വഴിയാണ് കേസ് മുന്നോട്ടു നീക്കുന്നത്.

എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയതിനു പിന്നാലെ ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസ് ഫ്രഞ്ച് ക്ലബിനെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഫുട്ബോൾ ലോകത്തിനു തന്നെ നാണക്കേടാണ് പിഎസ്‌ജി എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിനെതിരെ ഫ്രഞ്ച് ലീഗ് പ്രതിഷേധമറിയിച്ച് കത്തെഴുതുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.