Football in Malayalam

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത, ലാ ലിഗ മത്സരങ്ങൾ ഇനി മുതൽ ടിവിയിലും ലഭ്യമാകും

Sreejith N
The La Liga Logo with the Real Madrid, Atlético Madrid and FC Barcelona Club Badges
The La Liga Logo with the Real Madrid, Atlético Madrid and FC Barcelona Club Badges / Visionhaus/Getty Images
facebooktwitterreddit

യൂറോപ്പിലെ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ ലീഗുകളിലൊന്നായ ലാ ലിഗ മത്സരങ്ങളുടെ സംപ്രേഷണാവകാശം 2018ൽ ഫേസ്‌ബുക്ക് സ്വന്തമാക്കിയത് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും മത്സരങ്ങൾ കാണാൻ ആശ്രയിക്കുന്ന ടെലിവിഷനിൽ മത്സരങ്ങളുടെ സംപ്രേഷണം ഇല്ലാതായത് ആരാധകരെയും വളരെയധികം ബാധിച്ചിരുന്നു.

എന്നാൽ അടുത്ത സീസൺ മുതൽ ലാ ലിഗ മത്സരങ്ങളുടെ സംപ്രേഷണം ടെലിവിഷനിൽ ഉണ്ടാകുമെന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ഫുട്ബോൾ ആരാധകരെ തേടിയെത്തുന്നത്. റിലയൻസ് ഇന്ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള നെറ്റവർക്ക്18, അമേരിക്കൻ കമ്പനിയായ വയകോം എന്നിവർ ഒരുമിച്ചു ചേരുന്ന വയകോം18 ലാ ലീഗയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയതോടെയാണ് ഇന്ത്യയിൽ ലാ ലിഗ മത്സരങ്ങൾ ടെലിവിഷൻ സ്‌ക്രീനുകളിലേക്ക് തിരിച്ചെത്തുന്നത്.

2018ൽ സോണി നെറ്റ്‌വർക്കിൽ നിന്നും ഫേസ്‌ബുക്ക് ലാ ലിഗ സംപ്രേഷണം സ്വന്തമാക്കിയതോടെയാണ് ടെലിവിഷനിൽ ലാ ലിഗ മത്സരങ്ങളുടെ സംപ്രേഷണം അവസാനിച്ചത്. വയകോമിനു സ്വന്തമായി ഒരു സ്പോർട്സ് ചാനൽ ഇല്ലാത്തതിനാൽ ലാ ലിഗയിലെ എൺപതു മത്സരങ്ങൾ എംടിവി വഴി സംപ്രേഷണം ചെയ്യും. ബാക്കി മത്സരങ്ങൾ ഒടിടി സേവനങ്ങളായ വൂട്ട്, ജിയോ പ്ലാറ്റ്ഫോമുകളിലൂടെയും ആരാധകർക്ക് കാണാം.

ലാ ലിഗയുടെ തൊണ്ണൂറ്റിരണ്ടാമത്തെ എഡിഷൻ ഈ വർഷം ഓഗസ്റ്റ് 13നാണ് ആരംഭിക്കുക, മെയ് 22നു ലീഗ് അവസാനിക്കും. മൂന്നു വർഷത്തേക്കാണ് വയകോം18 ലാ ലീഗ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ എൺപതു മത്സരങ്ങൾ മാത്രമാണ് ടെലിവിഷൻ ബ്രോഡ്‌കാസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും കൂടുതൽ ചാനലുകളിലൂടെ കൂടുതൽ മത്സരങ്ങൾ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


facebooktwitterreddit